NEWS

അപരാജിതയുടെ സ്ഥാനനിർണയം സി.പി.ഐ മുതിർന്ന നേതാക്കൾക്കും എതിർപ്പ്

ന്യൂഡൽഹി: സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ മകൾ അപരാജിത രാജയെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പ് ശക്തമാകുന്നു. കേരളത്തിലെ വനിതാ നേതാക്കളുടെ എതിർപ്പിനു പിന്നാലെ, ദേശീയ എക്സിക്യുട്ടീവിലെ മുതിർന്ന നേതാക്കളും രംഗത്തെത്തിയെന്നാണ് വിവരം. കുടുംബബന്ധം സ്ഥാനനിർണയത്തിനു മാനദണ്ഡമാകരുതെന്നായിരുന്നു പ്രധാന വിമർശനം.

രണ്ടിനു നടന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിന്റെ അവസാനഘട്ടത്തിലാണ് അപരാജിതയെ ഉൾപ്പെടുത്താനുള്ള നിർദ്ദേശം രാജ മുന്നോട്ടുവച്ചതെന്നാണ് സൂചന. അജൻഡയിൽ മുൻകൂട്ടി ഉൾപ്പെടുത്താതിരുന്ന നീക്കത്തെ ചിലർ എതിർത്തു. എതിർപ്പ് അവഗണിച്ച് വിഷയം റിപ്പോർട്ട് ചെയ്തശേഷം അടുത്ത അജൻഡയിലേക്ക് കടന്നെന്നും ദേശീയ സെക്രട്ടേറിയറ്റിൽ ഇക്കാര്യം അറിയിച്ചില്ലെന്നും അറിയുന്നു. അമർജിത്ത് കൗർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇതിൽ നീരസം പ്രകടിപ്പിച്ചതായാണ് വിവരം.

അതേസമയം, ഐകകണ്‌ഠ്യേനയാണ് കാൻഡിഡേറ്റ് അംഗമായതെന്ന് അപരാജിത പറഞ്ഞു. ഡി.രാജ- ആനി രാജ ദമ്പതികളുടെ മകൾ എന്നതിലുപരി വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചുവരുന്ന പൊതുപ്രവർത്തകയാണ് താനെന്നും അവർ വ്യക്തമാക്കി.

രാജയുടെ ഇളവും

ചർച്ചയാകുന്നു

2025ലെ ചണ്ഡീഗർ പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ ഇളവുനൽകി ജനറൽ സെക്രട്ടറിയായി തുടരാൻ രാജയ്ക്ക് അവസരം നൽകിയിരുന്നു. അമർജിത്ത് കൗറിന്റെയും ബിനോയ് വിശ്വത്തിന്റെയും പേരുകൾ അന്ന് ചർച്ചയിലുണ്ടായിരുന്നു. രാജയുടെ കുടുംബത്തിലെ മറ്റൊരാൾ ദേശീയ കൗൺസിലിലെത്തിയതോടെ, സ്ഥാനനിർണയത്തിലെ മാനദണ്ഡവും തീരുമാനപ്രക്രിയയും പാർട്ടിയിൽ വീണ്ടും ചർച്ചയാകുകയാണ്.

പാർട്ടിയിൽ പ്രാഥമികാംഗത്വം എടുക്കാൻ പോലും അച്ഛനമ്മമാരല്ല സ്വാധീനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന പലരെയും കണ്ടാണ് പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. പ്രവൃത്തിപരിചയം പ്രായം കണക്കാക്കി മാത്രമല്ല നിശ്ചയിക്കുന്നത്.

– അപരാജിത

Read News ⏭️

Back to top button