NEWS
കെ.എം.ബഷീർ കൊലപാതകം: നിര്‍ണായക ദൃക്‌സാക്ഷി കൂറുമാറി

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക ദൃക്‌സാക്ഷി കോടതിയില്‍ കൂറുമാറി. രഹസ്യമൊഴി നല്‍കിയിരുന്ന മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷഫീഖാണ് കേസിന്റെ വിചാരണവേളയില്‍ പ്രതിക്ക് അനുകൂലമായി മൊഴി തിരുത്തിയത്. തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി.സംഭവദിവസം രാത്രി വെള്ളയമ്പലത്തുനിന്ന് ഓട്ടോയില്‍ വരുമ്പോള്‍ നീലനിറമുള്ള ഒരു കാര്‍ ഓവര്‍ടേക്ക് ചെയ്തു പോയി ബൈക്കില്‍ ഇടിക്കുന്നതു കണ്ടുവെന്നായിരുന്നു ഷഫീഖ് നേരത്തെ പൊലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴി. ബൈക്ക് നിരക്കിക്കൊണ്ടുപോയി ഭിത്തിയില്‍ ഇടിച്ചുനിർത്തി. ഡ്രൈവിങ് സീറ്റില്‍നിന്ന് താടിവച്ച പുരുഷനും ഇടതുഭാഗത്തെ സീറ്റില്‍നിന്ന് ഒരു സ്ത്രീയും ഇറങ്ങിവരുന്നതു കണ്ടു. സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോള്‍ വാഹനമോടിച്ചിരുന്ന ആള്‍ മദ്യപിച്ചുവെന്ന് പറഞ്ഞതു കേട്ടുവെന്നും ഷഫീഖ് മൊഴി നൽകിയിരുന്നു. എന്നാല്‍ ഇന്നു കോടതിയില്‍ ഇതെല്ലാം മാറ്റിപ്പറയുകയായിരുന്നു. താന്‍ അവിടെ എത്തുമ്പോള്‍ അപകടം നടന്നുകഴിഞ്ഞിരുന്നു. ഇടിച്ചതു കണ്ടില്ല. കാറില്‍നിന്ന് ഇറങ്ങിയതാരെന്നു കണ്ടിട്ടില്ലെന്നും ഷഫീഖ് പറഞ്ഞു. എന്നാല്‍ അപകടസ്ഥലത്തു കാറിനു പുറത്തുനിന്നിരുന്ന ആള്‍ കോടതിയിലുള്ള ശ്രീറാം വെങ്കിട്ടരാമനാണെന്നു സാക്ഷി സമ്മതിച്ചു.
Fashion ⏭️


