NEWS
‘ആയിരം തവണ മാപ്പ് പറയാനും മടിയില്ല’: പഹൽഗാം പരാമർശത്തിൽ കന്നഡ ജനതയോട് മാപ്പ് ചോദിച്ച് സോനു നിഗം

ബെംഗളൂരു ∙ പഹൽഗാം പരാമർശത്തിൽ കന്നഡ ജനതയോട് പരസ്യമായി മാപ്പ് ചോദിച്ച് പ്രശസ്ത ഗായകൻ സോനു നിഗം. ബെംഗളൂരുവിൽ 24 ന് നടക്കാനിരിക്കുന്ന സംഗീതപരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന് കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടതിന് പിന്നാലെ വിഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കന്നഡ ജനതയുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാൻ ആയിരം തവണ മാപ്പ് പറയാനും തനിക്ക് മടിയില്ലെന്ന് വിഡിയോയിൽ സോനു നിഗം വ്യക്തമാക്കി. ‘ഒരാളെ നാം അത്രമേൽ സ്നേഹിക്കുകയും ആ ബന്ധം എക്കാലവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ആയിരം തവണ മാപ്പ് പറയാനും ഒരു മടിയുമുണ്ടാകില്ല’ – ആദ്യം കന്നഡയിൽ സംസാരിച്ചുകൊണ്ട് സോനു പറഞ്ഞു.കന്നഡ ഗാനം ആലപിക്കണമെന്ന ആവശ്യത്തെ പഹൽഗാം ഭീകരാക്രമണവുമായി താരതമ്യപ്പെടുത്തി സോനു നിഗം കന്നഡ ജനതയെ അപമാനിച്ചതായി കർണാടക രക്ഷണ വേദികെ സംസ്ഥാന പ്രസിഡന്റ് ടി.എ. നാരായണ ഗൗഡ ആരോപിച്ചിരുന്നു.
Fashion ⏭️




