NEWS
ചെളിയിൽ പുതഞ്ഞുപോയത് 45 മിനിറ്റ്; ദുരന്തത്തോട് ജീവിതം പിടിച്ചുവാങ്ങി രതീഷ്!

തൊടുപുഴ ∙ ഉറക്കത്തിനിടെ കണ്ടു പേടിച്ചൊരു ദുഃസ്വപ്നം പോലെയാണ് ഉരുൾപൊട്ടൽ രതീഷിന്റെ ജീവിതം ബാക്കിവച്ചത്. പുലർച്ചെ ഉറങ്ങുമ്പോഴായിരുന്നു ദുരന്തം. ആഞ്ഞടിച്ച ഉരുളിൽ വീട്ടിൽനിന്ന് 20 മീറ്റർ ദൂരേക്കു തെറിച്ചുവീണ രതീഷിനെ മറികടന്ന് 500 മീറ്ററിലധികം താഴേക്ക് ഉരുൾ കുത്തിയൊലിച്ചു പോയി. ശരീരമാകെ ചെളിയിൽ പുതഞ്ഞ് തല മാത്രം പുറത്തുകാണാവുന്ന രീതിയിൽ പേടിച്ചു കഴിഞ്ഞ രതീഷിനെ തേടി സഹായമെത്തിയത് 45 മിനിറ്റിനു ശേഷമാണ്. അദ്‌ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഉരുൾപൊട്ടൽ അമ്മ സുമതി (65)യുടെ ജീവനെടുത്ത ആഘാതത്തിലാണ് രതീഷ്.അപകടസമയത്ത് അടൂർമല മഷിക്കല്ലേൽ വീട്ടിൽ രതീഷും അച്ഛൻ രവിയും അമ്മയുമാണ് ഉണ്ടായിരുന്നത്. ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് ഉണർന്ന രവി ഭാര്യയെയും മകനെയും വിളിച്ചുണർത്തി പുറത്തേക്ക് ഓടി. സുമതി വീടിനു പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും ആർത്തലച്ചു വന്ന ഉരുളിൽ പുതഞ്ഞുപോയി. ഉറക്കച്ചടവിലായിരുന്ന രതീഷ് വീട്ടിൽപെട്ടുപോകുകയായിരുന്നു. രതീഷ് തെറിച്ചുവീണതിനു പിന്നാലെ ഉരുൾ ജലവും ചെളിയുമായി വീട് മൂടിപ്പോകുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ രതീഷ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Fashion ⏭️


