NEWS

‘മുഖ്യമന്ത്രി ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം, പിണറായി വിജയൻ ഉപയോഗിച്ചപ്പോൾ ഞങ്ങളാരും പരാതിപറഞ്ഞിട്ടില്ല’

കെ മുരളീധരൻ(photo credit: Facebook )

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ ഹെലികോപ്ടർ യാത്രയെ ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ. യാത്രയെക്കുറിച്ചുള്ള വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് കെ മുരളീധരൻ രംഗത്തെത്തിയത്. ഹെലികോപ്ടർ യാത്രയിൽ എന്താണ് കുഴപ്പമുള്ളതെന്ന് ചാേദിച്ച മുരളീധരൻ ഏറ്റവും കൂടുതൽ ഹെലികോപ്ടർ യാത്രനടത്തിയത് മുൻ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നുവെന്നും പറഞ്ഞു.

‘പെട്ടെന്ന് ഒരാവശ്യം വരുന്നതുകൊണ്ടല്ലേ ഹെലികോപ്ടർ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ കാറിൽ പോയാൽ പോരായിരുന്നോ? പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി കാറിലും ട്രെയിനിലും യാത്രചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യത്തിലാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നത്. അത് പതിവാണ്. ഇതിൽ എന്ത് തെറ്റാണുള്ളത്. പിണറായി വിജയൻ ഹെലികോപ്ടർ ഉപയോഗിച്ചപ്പോൾ ഞങ്ങളാരും പരാതിപറഞ്ഞിട്ടില്ല’-മുരളീധരൻ പറഞ്ഞു.

മുൻ മന്ത്രി എംബി രാജേഷാണ്, സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ മുഖ്യമന്ത്രി വിഡി സതീശൻ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപം ഉന്നയിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ ഹെലികോപ്ടർ ധൂർത്ത് സംബന്ധിച്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായത്.

ഔദ്യാേഗിക പരിപാടികൾക്കല്ല മറിച്ച് ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരക്കിട്ട് ഹെലികോപ്ടറിൽ വന്നതെന്നായിരുന്നു ഇടത് നേതാക്കളുടെ വിമർശനം. ഔദ്യോഗിക യാത്രകൾക്കും പ്രളയ ദുരിതാശ്വാസത്തിനും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമായി എൽഡിഎഫ് സർക്കാർ ഉപയോഗിച്ച ഹെലികോപ്ടർ യുഡിഎഫ് ദുരുപയോഗം ചെയ്തുവെന്നും അവർ വിമർശിച്ചിരുന്നു. വിമർശനം കടുക്കുമ്പോഴും വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary

Minister K. Muraleedharan has defended Chief Minister V.D. Satheesan’s controversial helicopter journey amid growing criticism. Questioning why the trip had become an issue, Muraleedharan said there was nothing wrong with using a helicopter and noted that former Chief Minister K. Karunakaran had undertaken helicopter travel more frequently during his tenure.
RELATED TOPICS: V D SATHEESAN, HELICOPTER CONTROVERSY, K MURALEEDHARAN, KERALA POLITICS, VD SATHEESAN HELICOPTER

Read News ⏭️

Back to top button