TRAVEL
വിമാനയാത്രയിൽ മൊബൈൽ ഫോൺ എയർപ്ലെയിൻ മോഡിലാക്കാൻ പറയുന്നതെന്തുകൊണ്ടാണ്?

വിമാനയാത്രയിൽ മൊബൈൽ ഫോൺ ‘എയർപ്ലെയിൻ മോഡിലാക്കാറുണ്ടോ’? വെറുമൊരു നിസ്സാര കാര്യമായി കണ്ട് അത് ചെയ്യാതിരിക്കരുത്! നമ്മൾ വിചാരിക്കുന്നത് പോലെ വിമാനം തകർന്നു വീഴാനൊന്നും ഇത് കാരണമാകില്ലെങ്കിലും, എയർപ്ലെയിൻ മോഡ് ഓണാക്കുന്നതിന് പിന്നിൽ കൃത്യമായ ചില സുരക്ഷാ കാരണങ്ങളുണ്ട്.മൊബൈൽ ഫോണുകൾ ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളാണ്. എയർപ്ലെയിൻ മോഡ് ഓണാക്കിയില്ലെങ്കിൽ, വലിയ ഉയരത്തിൽ സഞ്ചരിക്കുമ്പോൾ ഫോൺ തുടർച്ചയായി താഴെയുള്ള ടവറുകളിൽ നിന്ന് സിഗ്നൽ പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് വിമാനത്തിലെ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.ഫോൺ സ്പീക്കറിന് അടുത്ത് വെക്കുമ്പോൾ കേൾക്കുന്ന തരം ‘ബസ്സിങ്’ ശബ്ദം പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. വിമാനയാത്രയിൽ ഫോൺ എയർപ്ലെയിൻമോഡിലാക്കിയില്ലെങ്കിൽ സമാനമായ ശബ്ദം പൈലറ്റുമാരുടെയും എയർ ട്രാഫിക് കൺട്രോളർമാരുടെയും (ATC) ഹെഡ്സെറ്റുകളിൽ മുഴങ്ങാൻ തുടങ്ങും. ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ സുപ്രധാന നിർദ്ദേശങ്ങൾ കേൾക്കാൻ ഇത് തടസ്സമുണ്ടാക്കും.സുരക്ഷിതമായ യാത്രയ്ക്ക് പൈലറ്റുമാർ ആശ്രയിക്കുന്നത് സൂക്ഷ്മമായ റേഡിയോ ഉപകരണങ്ങളെയും നാവിഗേഷൻ സിഗ്നലുകളെയുമാണ്. മൊബൈൽ സിഗ്നലുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ ആശയവിനിമയം തടസ്സമില്ലാതെ നടക്കും.35,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോൾ ഒരു മൊബൈൽ ഫോൺ ഒരേസമയം നിരവധി ടവറുകളിലേക്ക് സിഗ്നലുകൾ അയക്കുന്നു. നൂറുകണക്കിന് യാത്രക്കാരുടെ ഫോണുകൾ ഒരുമിച്ച് ഇങ്ങനെ ചെയ്യുമ്പോൾ താഴെയുള്ള ടവറുകളിൽ നെറ്റ്വർക്ക് ട്രാഫിക് കൂടുകയും താഴെയുള്ളവർക്ക് സിഗ്നൽ തടസ്സം നേരിടുകയും ചെയ്യും.5G നെറ്റ്വർക്കുകളിലെ സി-ബാൻഡ് ഫ്രീക്വൻസികൾ വിമാനത്തിന്റെ ഉയരം അളക്കുന്ന റഡാർ ആൾട്ടിമീറ്ററുകളുടെ ഫ്രീക്വൻസിക്ക് വളരെ അടുത്താണ്. ഫോണുകൾ ഓണായിരുന്നാൽ ഇവ തമ്മിൽ കൂട്ടിക്കലർന്ന് വിമാനത്തിന്റെ ഉയരം കണക്കാക്കുന്നതിൽ തെറ്റായ വിവരങ്ങൾ കാണിക്കാൻ സാധ്യതയുണ്ട്.
Sports ⏭️


