NEWS

അരൂർ – തുറവൂർ ഉയരപ്പാത നിർമാണം അതിവേഗം: കോൺക്രീറ്റിങ് പൂർത്തിയായി; ടാറിങ് പുരോഗമിക്കുന്നു


തുറവൂർ ∙ അരൂർ – തുറവൂർ ഉയരപ്പാതയുടെ പൂർത്തിയാകാതെ കിടന്ന ഭാഗത്തെ മേൽത്തട്ട് കോൺക്രീറ്റിങ് പൂർത്തിയായി. അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള ദേശീയപാതയിലാണ് ഉയരപ്പാത നിർമാണം പൂർത്തിയായത്. ഇതോടെ ഉയരപ്പാതയുടെ മുഴുവൻ ഭാഗത്തെയും കോൺക്രീറ്റിങ് അവസാനിച്ചു.110 കെ.വി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കാനുള്ള പ്രവൃത്തി വൈകിയത് ഈ ഭാഗത്തെ ഗർഡറുകൾ സ്‌ഥാപിക്കലും കോൺക്രീറ്റിങ്ങും വൈകാൻ കാരണമായി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിൽ 354 തൂണുകളിൽ നിർമിച്ചിരിക്കുന്ന ഉയരപ്പാതയുടെ ആദ്യ റേഞ്ചിലെ മേൽത്തട്ട് കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രധാന പ്രവൃത്തികൾ ഇതോടെ പൂർത്തിയായി. കോൺക്രീറ്റിങ് പൂർത്തിയായതോടെ മറ്റ് ഭാഗങ്ങളിൽ ടാറിങ് ജോലികൾ വേഗത്തിലാക്കിയിട്ടുണ്ട്. 12.75 കിലോമീറ്റർ നീളമുള്ള തുറവൂർ – അരൂർ ഉയരപ്പാതയിൽ 9.5 കിലോമീറ്റർ ടാറിങ് പൂർത്തിയാക്കി. ഇനി 4 കിലോമീറ്റർ മാത്രമാണ് ബാക്കി. അതിവേഗമാണ് മേൽപാലത്തിൽ ടാറിങ് അടക്കമുള്ള അനുബന്ധ ജോലികൾ നടക്കുന്നത്. ഉയരപ്പാതയിൽ കിഴക്ക് ഭാഗത്ത് പില്ലർ 39 മുതൽ 192 വരെയും പടിഞ്ഞാറ് ഭാഗത്ത് പില്ലർ 57 മുതൽ 149 നമ്പർ പില്ലർവരെയും ടാറിങ് ജോലികൾ പൂർത്തിയായി.


Fashion ⏭️

Back to top button