NEWS
ആർക്കും പങ്കെടുക്കാം, ഇത് ശിവതാണ്ഡവം: രാഹുൽ ഗാന്ധി

വോട്ടുകൊള്ള ആരോപണം ഉയർത്തിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന പ്രതിഷേധം എങ്ങനെ മുന്നോട്ടുപോകുമെന്നതാണ് ചോദ്യം. അതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ. കഴിഞ്ഞ നാലഞ്ചുദിവസമായി തെരുവിലാണ്. ഇനി എന്താണ് തന്ത്രമെന്നതിനെക്കുറിച്ചു പ്രിയങ്കയുമായി ഞാൻ സംസാരിച്ചിരുന്നു. നല്ല ആസൂത്രണത്തോടെ നീങ്ങണമെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയ്ക്ക് അതു മനസ്സിലായിട്ടില്ല; ഇതൊരു താണ്ഡവമാണെന്നായിരുന്നു എന്റെ മറുപടി. ശിവതാണ്ഡവം. അതിന് ആസൂത്രണമില്ല. ഇന്നു നാം സുപ്രീം കോടതിയിൽ പോകും. നാളെ മറ്റെന്തെങ്കിലുമാകും. ‘ചലോ ദില്ലി, ജനാധിപത്യം സംരക്ഷിക്കു’. അതു മാത്രമേ ചെയ്യാനുള്ളൂ. അതിന് ആസൂത്രണം വേണ്ട. മുൻപ് ആകാശവാണിയിൽ സമരമിരുന്നത് ആലോചിച്ചുറപ്പിച്ചാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അറസ്റ്റ് വരിക്കാമെന്നായിരുന്നു പാർലമെന്റിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ കരുതിയത്. പിന്നെയാണ് ആലോചന മാറ്റിയത്. പറഞ്ഞില്ലേ ഇതു ശിവന്റെ താണ്ഡവം പോലെയാണ്. അതിൽ ആർക്കും പങ്കെടുക്കാം. ഏതൊരാൾക്കും ഇതിന്റെ ഭാഗമാകാം. എൽ.കെ. അഡ്വാനി നടത്തിയ രഥയാത്ര ഓർമയില്ലേ? അദ്ദേഹം അതിൽ രാജാവായിരുന്നു. അതിനു പിന്നിൽ പ്രമോദ് മഹാജനെ പോലുള്ളവരും പണവും സംവിധാനങ്ങളുമുണ്ടായിരുന്നു. രാജാവ് രഥത്തിലും പ്രജകൾ പിന്നിലുമായിരുന്നു. എന്നാൽ, മറ്റൊരു വീക്ഷണമുണ്ട്. ഭാരത് ജോഡോയിലേത്. അതിൽ രാജാവുണ്ടായിരുന്നില്ല. എല്ലാവരും ഒരുമിച്ചുനടന്നു. ഇന്ത്യയിലെ ജനങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. ശിവന്റെ ഘോഷയാത്രയായിരുന്നു അത്. മനുഷ്യരും മൃഗങ്ങളുമെല്ലാം വന്നു. ഇന്ത്യ അങ്ങനെയാണ് ചെറുത്തുനിൽക്കുന്നത്.നോക്കൂ, എല്ലാ പ്രതിഷേധങ്ങളും ഒറ്റ പ്രതിഷേധമാണ്. ഞങ്ങളെപ്പോലെ നിങ്ങളും ഭരണഘടനയെ സംരക്ഷിക്കുകയാണെങ്കിൽ ഞങ്ങൾ ഒപ്പമുണ്ട്. ഇത് ആദ്യം ഗ്യാനേഷ് കുമാറിനെയും പിന്നീട് നരേന്ദ്ര മോദിയെയും അമിത് ഷായെയും താഴെയിറക്കാനുള്ള പോരാട്ടമാണ്.ഞങ്ങളുടെ മാർച്ചിൽ എത്താവുന്നവർ വരിക. അല്ലാത്തവർ എവിടെയാണൈങ്കിലും വാക്കുകൊണ്ടെങ്കിലും പിന്തുണ തരിക. അടച്ചിട്ട മുറിയിലായാലും മതി. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പറഞ്ഞാൽ മതി. ഡൽഹി ബാരിക്കേഡ് ചെയ്തിരിക്കുന്നു എന്നത് ഈ സർക്കാരിന്റെ മിഥ്യാസൃഷ്ടിയാണ്–കാരണം, ജനമനസ്സുകളിൽ ബാരിക്കേഡുകളില്ല. ഹൃദയത്തിൽ തട്ടി പറയുന്നു, വോട്ടുകൊള്ളയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി അംഗീകരിച്ചുവെന്ന് ഞാൻ പറഞ്ഞതിനെതിരെ രാഷ്ട്രപതിഭവൻ നിഷേധക്കുറിപ്പ് ഇറക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നാണ് നിഷേധം വന്നത്. രാഷ്ട്രപതി ചോദിച്ച തെളിവുകൾ കൈമാറാനുള്ള തയാറെടുപ്പു ഞങ്ങൾ നടത്തുകയാണ്.
Fashion ⏭️




