NEWS

‘കാര്യം കഴിഞ്ഞപ്പോൾ സൗജന്യയാത്ര നാമമാത്രമായ ബസുകളിൽ മാത്രം, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’

കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഎസ്ആർടിസിയുടെ പ്രിയദർശനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് അധികാരത്തിലെത്തുന്നതിന് സ്ത്രീകളുടെ വോട്ട് നേടാൻ ചെയ്ത പദ്ധതി മാത്രമാണ് പ്രിയദർശിനി സൗജന്യയാത്ര എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ഫേസ്ബുക്കിലിട്ട പോസ്റ്രിലാണ് ഗണേഷ് കുമാർ ഇക്കാര്യ വെളിപ്പെടുത്തിയത്. വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞാണ് യുഡിഎഫ് വോട്ട് പിടിച്ചതെന്നാണ് വിമർശനം. കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്നുപറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്നാണ് പോസ്റ്രിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ സൗജന്യമായത് കൊണ്ട് പൈസ ഉണ്ടെങ്കിലും തള്ളിക്കയറുന്നുവെന്ന പരാമർശം സ്ത്രീകൾക്ക് നേരയുള്ള അധിക്ഷേപമാണെന്ന് കെ ബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നടത്തിയ പ്രിയദർശിനിയിൽ യാത്ര ചെയ്യുന്നവരെ കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നായിരുന്നു സി പി ജോണിന്റെ പരാർശം. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ വിടും. എന്നാൽ ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിന് മറുപടിയുമായാണ് കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നത്.

കെ ബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ ….’

English Summary

Former Kerala Transport Minister K. B. Ganesh Kumar criticised the UDF government’s Priyadarshini free KSRTC travel scheme, alleging it was introduced mainly to attract women voters before the elections. Responding to Transport Minister C. P. John’s remarks on women passengers, Ganesh accused the government of insulting women and restricting free travel to only a limited number of buses after coming to power.
RELATED TOPICS: PRIYADARSHINI KSRTC, KSRTC FREE BUS SERVICE, KSRTC, KB GANESH KUMAR, CP JOHN PRIYADARSHINI CONTROVERSY

Read News ⏭️

Back to top button