NEWS

‘പുറത്തുപറയാനാകാത്ത ഏത് ഡീലിനാണ് ഹെലികോപ്‌ടറിൽ പോയത്’; മുഖ്യമന്ത്രിക്കെതിരെ എം വി ഗോവിന്ദൻ

വി ഡി സതീശൻ, എം വി ഗോവിന്ദൻ

തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ദുരന്തബാധിതരെ നേരിൽ കാണാനോ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഹെലികോപ്‌ടറിൽ പോയതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

‘നിക്ഷേപകനെ കാണാനാണ് പോയതെന്ന് പറയുന്നത് കള്ളമാണ്. ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്‌ടറിൽ പോയത്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം അദ്ദേഹം വിരുന്നിലും സ്വർണക്കട ഉദ്‌ഘാടനത്തിലുമായിരുന്നു.

മുൻ സർക്കാർ ഹെലികോപ്‌ടർ വാടകയ്‌ക്കെടുത്തപ്പോൾ ഇല്ലാക്കഥകൾ മെനഞ്ഞവർ ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കുന്നു. കഴിഞ്ഞ സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ഹെലികോപ്‌ടർ ഉപയോഗിച്ചത്. ഇന്ന് സ്വകാര്യ ആവശ്യത്തിനാണ് അത് ഉപയോഗിക്കുന്നത്. നേരത്തേ ബിജെപി നേതാക്കളെയും മറ്റും കാണാനും ചാർട്ടേഡ് വിമാനം ഉപയോഗിച്ചിട്ടുണ്ട്’ – എം വി ഗോവിന്ദൻ പറഞ്ഞു.

പ്രിയദർശിനി ബസ് യാത്രയെക്കുറിച്ച് സി പി ജോൺ നടത്തിയ പരാമർശത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ സ്‌ത്രീകളെ അപമാനിച്ച മന്ത്രി സിപി ജോൺ മാപ്പ് പറയണം. ശാക്തീകരിക്കപ്പെട്ടവരാണ് കേരളത്തിലെ സ്‌ത്രീകൾ. ഇവർക്ക് എന്തോ ഔദാര്യം നൽകുന്നു എന്ന രീതിയിലാണ് മന്ത്രി സൗജന്യയാത്രയെക്കുറിച്ച് സംസാരിക്കുന്നത്. ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്നുള്ള മന്ത്രിയുടെ അധിക്ഷേപം അംഗീകരിക്കാനാകില്ല. വോട്ടുകിട്ടാൻ വേണ്ടി വാഗ്‌ദാനം ചെയ്‌ത പദ്ധതി ഉപയോഗിക്കുന്നവരെ അപമാനിക്കുന്നത് ശരിയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

English Summary

CPM State Secretary M.V. Govindan accused Kerala Chief Minister V.D. Satheesan of failing to coordinate flood relief efforts or visit affected areas despite severe monsoon damage. He questioned the Chief Minister’s helicopter trip, alleging it was for personal reasons rather than official work. Govindan also criticised the government’s use of helicopters and demanded Minister C.P. John apologise for remarks about women using free bus travel.
RELATED TOPICS: MV GOVINDAN, KERALA CHIEF MINISTER, HELICOPTER CONTROVERSY, KERALA POLITICS, MV GOVINDAN AGAINST KERALA GOVERNMENT

Read News ⏭️

Back to top button