ചെറുവയൽ രാമൻ എന്റെ മലയാളി അച്ഛൻ: പ്രിയങ്കഗാന്ധി

ന്യൂഡൽഹി: ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും. രാമനെ ‘എന്റെ മലയാളി അച്ഛൻ’ എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം ഫോണിൽ സംസാരിച്ചപ്പോൾ തന്നെ കാണാൻ വരണമെന്ന് രാമൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡൽഹിയിലെ സംഭവവികാസങ്ങളെ തുടർന്ന് പോകാനായില്ല. ഉടൻ കാണാമെന്ന പ്രതീക്ഷയിലിരിക്കെയാണ് മരണവാർത്തയെത്തിയതെന്നും പ്രിയങ്ക അനുസ്മരിച്ചു. പ്രിയപ്പെട്ട രാമേട്ടന്റെ വിയോഗത്തിൽ വയനാട്ടിലെ ജനങ്ങൾക്കൊപ്പം ദുഃഖിക്കുന്നുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കാർഷിക പൈതൃകത്തിന്റെ
കാവൽക്കാരൻ: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമൻ എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അനുസ്മരിച്ചു. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെൽ വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരുംതലമുറയ്ക്കു കരുതിവച്ച ചെറുവയൽ രാമൻ യഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നെന്നും പറഞ്ഞു.
സ്വന്തം ജീവിതം കൊണ്ട് മണ്ണിലേക്ക് ചേർന്ന വലിയൊരു മനുഷ്യനായിരുന്നു ചെറുവയൽ രാമനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മണ്ണിനെയും കൃഷിയെയും സ്വന്തം പ്രാണനോളം സ്നേഹിച്ച ചെറുവയൽ രാമൻ മണ്ണിന്റെ മണമുള്ള മനുഷ്യനായിരുന്നുവെന്ന് മന്ത്രി ടി.സിദ്ദിഖും അനുസ്മരിച്ചു.




