നായ്ക്കളെ വളർത്തുന്നതിൽ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് നായ്ക്കളെയും ഓമനമൃഗങ്ങളെയും വളർത്തുന്നതിൽ നിയന്ത്രണം കൊണ്ടുവന്നേക്കും. നിയമനിർമ്മാണത്തിന് സർക്കാർ ആലോചിക്കുന്നതായാണ് തദ്ദേശവകുപ്പിൽ നിന്നുള്ള സൂചന. മൂന്നിൽ കൂടുതൽ നായകളെ വളർത്തുന്നത് നിരുൽസാഹപ്പെടുത്തും. പ്രത്യേക പിഴയോ,ലൈസൻസ് ഫീസോ ഏർപ്പെടുത്തിയേക്കും.
തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ വേണ്ടത്ര ഫലപ്രാപ്തിയില്ലാത്ത സാഹചര്യത്തിലാണ് നിയമനിർമ്മാണത്തെ കുറിച്ച് ആലോചിക്കുന്നത്. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിച്ചാൽ കുറഞ്ഞത് 10000രൂപയെങ്കിലും പിഴ ഏർപ്പെടുത്താനും ആലോചനയുണ്ട്. വളർത്തുമൃഗങ്ങളുടെ ഉടമസ്ഥത, പ്രജനനം, ഉപേക്ഷിക്കൽ എന്നിവ നിയന്ത്രിക്കാനും ഇക്കാര്യങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും. വളർത്ത് മൃഗങ്ങളെ വില്പന നടത്തുന്നവർക്കും ലൈസൻസ് ഏർപ്പെടുത്തും.തെരുവുനായകളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നടപടികളുണ്ടാകും.




