HEALTH

ഓട്ടിസം സ്റ്റെം സെൽ ചികിത്സ; രോഗികളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി | SC Orders Autism Stem Cell Registration


ന്യൂഡൽഹി : ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് (എ.എസ്.ഡി) സ്റ്റെം സെൽ ചികിത്സ സ്വീകരിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ വിവരങ്ങൾ കേന്ദ്ര സർക്കാറിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി. ചികിത്സ നിയന്ത്രിതവും അംഗീകൃതവുമായ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം. ചികിത്സ തുടരുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും നിലവിലെ ചികിത്സാ ക്രമീകരണങ്ങൾ എങ്ങനെയാണ് നിയന്ത്രിക്കുകയെന്ന് വ്യക്തമാക്കാനും കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഓട്ടിസത്തിന് സ്റ്റെം സെൽ ചികിത്സ നൽകുന്നത് പതിവ് ചികിത്സയായോ വാണിജ്യ സേവനമായോ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അംഗീകൃതമായ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയോ ഗവേഷണത്തിലൂടെയോ മാത്രമേ ഇത്തരം ചികിത്സ നടത്താൻ പാടുള്ളൂവെന്നാണ് കോടതി നിലപാട്. മതിയായ ശാസ്ത്രീയ തെളിവുകളില്ലാത്ത ചികിത്സ നൽകുന്നത് വൈദ്യശാസ്ത്രപരമായ വീഴ്ചയാകാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചികിത്സ സ്വീകരിച്ചുകൊണ്ടിരിക്കുന്ന രോഗികളെ പെട്ടെന്ന് ചികിത്സയിൽനിന്ന് മാറ്റിനിർത്താതെ അംഗീകൃത ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനം ഒരുക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഏതൊക്കെ സ്ഥാപനങ്ങളിൽ അംഗീകൃത പരീക്ഷണങ്ങൾ നടക്കുന്നുണ്ട്, എത്ര രോഗികളെ ഉൾക്കൊള്ളാനാകും, പുതിയ പരീക്ഷണങ്ങൾക്ക് അനുമതി തേടി അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും കോടതി തേടിയിട്ടുണ്ട്. ഓട്ടിസത്തിന് സ്റ്റെം സെൽ ചികിത്സ നൽകുന്ന സ്ഥാപനങ്ങൾ, രോഗികളുടെ രക്ഷിതാക്കൾ, പരിചാരകർ എന്നിവരും നിലവിലുള്ള ചികിത്സയെ അംഗീകൃത ഗവേഷണ ചികിത്സയിലേക്ക് മാറ്റുന്നതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കണം. കേന്ദ്ര സർക്കാറും ബന്ധപ്പെട്ട സ്ഥാപനങ്ങളും സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സാ നിയന്ത്രണ സംവിധാനത്തിന്റെ പുരോഗതി കോടതി വിലയിരുത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെപ്റ്റംബറിൽ പുറത്തിറക്കിയ നിർദേശത്തിലും ഓട്ടിസത്തിനുള്ള സ്റ്റെം സെൽ ചികിത്സ അംഗീകൃത ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്റ്റെം സെൽ ചികിത്സ പതിവ് ചികിത്സയായോ വാണിജ്യ സേവനമായോ നൽകാൻ പാടില്ലെന്നും ചട്ടലംഘനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


Life Style ⏭️

Back to top button