NEWS
ട്രെയിൻ ടിക്കറ്റില്ല; ഓണക്കാല ബെംഗളൂരു യാത്രയ്ക്ക് 3500 രൂപ മുതൽ മുകളിലേക്ക് ടിക്കറ്റ് നിരക്കുമായി സ്വകാര്യ ബസുകൾ

തിരുവനന്തപുരം ∙ ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കും തിരിച്ചും ട്രെയിനിൽ ടിക്കറ്റ് കിട്ടാതായതോടെ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 3500 രൂപ മുതൽ മുകളിലേക്കാണ് സ്ലീപ്പർ ബസ് നിരക്ക്. ഒരേ ബസിൽ പുഷ്ബാക് സീറ്റിന് 2600 രൂപയും ബെർത്തിന് 4390 രൂപയും വരെ ഈടാക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ ഭൂരിഭാഗവും മാസങ്ങൾക്കു മുൻപേ വിറ്റു തീർന്നിരുന്നു. പിന്നീട് പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിലും ടിക്കറ്റില്ല. ഓണം കഴിഞ്ഞുള്ള ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽനിന്നു ബെംഗളൂരുവിലേക്കു ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ല.യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കെഎസ്ആർടിസി ഒട്ടേറെ അധിക സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ ബസുകളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. കെഎസ്ആർടിസിയിലും ഡൈനാമിക് പ്രൈസിങ് ബാധകമായതിനാൽ ആദ്യം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും തിരക്കു കൂടുന്നതനുസരിച്ച് നിരക്ക് കൂടും. അടിയന്തരമായി കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കാൻ റെയിൽവേ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Fashion ⏭️


