എം.ബി.ബി.എസിന് നാലരവർഷത്തെ ഫീസ്: അപ്പീൽ വൈകുന്നു, ആശങ്കയിൽ കുട്ടികൾ

തിരുവനന്തപുരം: എം.ബി.ബി.എസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സർക്കാർ അപ്പീൽ വൈകുന്നു. ഫീ റഗുലേറ്ററി കമ്മിറ്റിയും കേസിൽ നിലപാടറിയിച്ചില്ല. ഇതോടെ അഞ്ചു വർഷത്തെ ഫീസ് അടയ്ക്കേണ്ട ഗതികേടിലാണ് മെഡിക്കൽ വിദ്യാർത്ഥികൾ. നാലര മുതൽ 10 ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയിൽ ഫീസ് ഇനത്തിൽ അധികം നൽകുന്നത്. 31നകം ഫീസ് അടച്ചില്ലെങ്കിൽ ഫൈൻ ഈടാക്കും.
നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്നും അധികം വാങ്ങിയ അരവർഷത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
ഇനി പ്രവേശനം നേടുന്നവർക്കും ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്. നാലര വർഷത്തെ (54 മാസം) അക്കാഡമിക് പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് എം.ബി.ബി.എസിനുള്ളത്. പഠന കാലയളവിലേക്ക് മാത്രം ഫീസ് വാങ്ങാനേ ന്യായമുള്ളൂ എന്നാണ് മെഡിക്കൽ കമ്മിഷന്റെ നിലപാട്.


