NEWS

ജയിച്ചത് 292ൽ 231 പേരുംകേരള യൂണി. എൽഎൽ.ബി പുനർമൂല്യനിർണയത്തിൽ കൂട്ടജയം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ എൽഎൽ.ബി പരീക്ഷയിൽ പരാജയപ്പെട്ടവർ പുനർമൂല്യനിർണയത്തിൽ കൂട്ടത്തോടെ വിജയിച്ചു. വിവിധ സെമസ്റ്ററുകളിലായി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർത്ഥികളിൽ 231 പേർക്കും ഉയർന്ന മാർക്കുണ്ട്. തിരുവനന്തപുരം ഗവ. ലാ കോളേജിലെ 45പേരാണ് വിജയിച്ചത്. ഒന്നര പേജിൽ കൃത്യമായി ഉത്തരമെഴുതിയ വിദ്യാർത്ഥിക്ക് പൂജ്യം മാർക്ക് നൽകിയെന്ന ആക്ഷേപത്തെതുടർന്ന് വി.സിയുടെ നിർദ്ദേശപ്രകാരം എല്ലാവരുടെയും പുനർമൂല്യനിർണയവിവരങ്ങൾ പരിശോധിച്ചപ്പോഴാണിത് കണ്ടെത്തിയത്.

അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 44 വിദ്യാർത്ഥികളിൽ 44 പേരുടെയും മാർക്കിൽ വ്യത്യാസമുണ്ടായി. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരുടെയെല്ലാം മാർക്കിൽ മാറ്റമുണ്ടായത് ആദ്യ മൂല്യനിർണയത്തിലെ ഗുരുതരവീഴ്ചയാണെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. പുനർമൂല്യനിർണയത്തിൽ 10 മുതൽ 50 ശതമാനം വരെ മാർക്കിന്റെ വ്യത്യാസമാണ് കണ്ടെത്തിയത്. സർവകലാശാലാ ചട്ടപ്രകാരം 20 ശതമാനത്തിലധികം മാർക്ക് വ്യത്യാസമുണ്ടായാൽ ആദ്യ മൂല്യനിർണയം നടത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണം. ഇതുസംബന്ധിച്ച് നേരത്തേ റിപ്പോർട്ട് ലഭിച്ചിട്ടും സിൻഡിക്കേറ്റ് നടപടിയെടുത്തിരുന്നില്ല.

പുനർമൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളെല്ലാം സീൽ ചെയ്ത് പരീക്ഷാ കൺട്രോളറുടെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ വി.സി. നിർദേശിച്ചു. എൽഎൽ.ബി പരീക്ഷാ നടത്തിപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ചോദ്യപേപ്പർ വിതരണവും മൂല്യനിർണയവും പൂർണ്ണമായി ഓൺലൈനാക്കും. പി.ജി, എം.ബി.ബി.എസ് പരീക്ഷകൾക്ക് സമാനമായി എൽഎൽ.ബിക്കും ഇരട്ടമൂല്യനിർണയം നടപ്പിലാക്കും. ഇരട്ടമൂല്യനിർണ്ണയമുള്ള പി.ജി പരീക്ഷകളിൽ കാര്യമായ പരാതികളുണ്ടാവാറില്ല.

Read News ⏭️

Back to top button