കാമുകനെയും പിതാവിനെയും നഗ്നരാക്കി തോക്കുചൂണ്ടി ഭീഷണി; ബംഗാളിൽ പ്രതികളെ വസ്ത്രാക്ഷേപം ചെയ്ത് പൊലീസ്, വിവാദ ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്തയിലെ സർസുനയിൽ പതിനെട്ടുകാരനെയും അച്ഛനെയും സുഹൃത്തിനെയും തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തിച്ച സംഭവത്തിൽ, പിടിയിലായ മൂന്ന് പ്രതികളെയും കൊൽക്കത്ത പൊലീസ് ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ, പ്രതികളുടെ വസ്ത്രങ്ങൾ അഴിച്ച് പൊതുനിരത്തിലൂടെ നടത്തിച്ച പൊലീസിന്റെ നടപടിക്കെതിരെ ബംഗാളിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പൊലീസ് നടപടിയെ ശക്തമായി എതിർത്തു. പ്രതികളെ അതിവേഗം പിടികൂടിയ പൊലീസിന്റെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചെങ്കിലും, വസ്ത്രങ്ങൾ മാറ്റാതെ പൊതുസ്ഥലത്തുകൂടി അവരെ നടത്തിച്ചത് തീർത്തും അപരിഷ്കൃതമായ രീതിയാണെന്ന് കുറ്റപ്പെടുത്തി. നിയമം ഇത്തരമൊരു നടപടിക്ക് ഒട്ടും അനുവാദം നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്നതിലാണ് പൊലീസിന്റെ മിടുക്ക് തെളിയിക്കേണ്ടതെന്നും അല്ലാതെ ഇത്തരം ഫ്യൂഡൽ മനോഭാവമുള്ള ശിക്ഷാ നടപടികളല്ല സ്വീകരിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വിമർശിച്ചു.
‘‘ഒറ്റപ്പെട്ട വഴിയിലൂടെ പോലും ഞങ്ങളെ നടക്കാൻ അവർ അനുവദിച്ചില്ല. മനഃപൂർവം ആളുകൾ തിങ്ങിക്കൂടിയ പ്രധാന റോഡിലൂടെയാണ് വസ്ത്രം അഴിപ്പിച്ച് നടത്തിച്ചത്. അവിടെയുണ്ടായിരുന്നവർ ഇതൊക്കെ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു,’’ – യുവാവിന്റെ പിതാവ് വിതുമ്പലോടെ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.



