സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം: രണ്ട് മിസൈലുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതി വിമതരുടെ അവകാശവാദം. തങ്ങൾ തൊടുത്തുവിട്ട മിസൈൽ കൃത്യമായി ലക്ഷ്യത്തിലെത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഹൂതികൾ വിക്ഷേപിച്ച രണ്ട് മിസൈലുകൾ സൗദി പ്രതിരോധ സംവിധാനം വഴി തകർത്തതായി സൗദി അറേബ്യ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രാലയത്തിനു നേരെ നേരിട്ട് ആക്രമണം ഉണ്ടായെന്ന വാദവുമായി ഇവർ രംഗത്തെത്തിയത്. ചൊവ്വാഴ്ച റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന് പുറമെ, പേർഷ്യൻ ഗൾഫ് തീരത്ത് പ്രവർത്തിക്കുന്ന സൗദിയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെയും തങ്ങൾ ആക്രമണം അഴിച്ചുവിട്ടതായി ഹൂതികൾ അവകാശപ്പെടുന്നു. ശുദ്ധീകരണ ശാലയിൽ മിസൈൽ പതിച്ചതിനെ തുടർന്ന് വലിയ തീപിടുത്തം ഉണ്ടായെന്നും വക്താവ് യഹ്യ സരീ കൂട്ടിച്ചേർത്തു. അതേസമയം, എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ ആക്രമണം നടന്നതായുള്ള വാർത്തകൾ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.




