തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന് നിവേദനം

മന്ത്രി പി.സി. വിഷ്ണുനാഥിന് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സ്മാരക മലയാളം പൈതൃകവേദി ഭാരവാഹികൾ നിവേദനം നൽകുന്നു
പരവൂർ: ആധുനിക മലയാള ഭാഷ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പൂർണ്ണകായ വെങ്കല പ്രതിമ തിരൂർ തുഞ്ചൻ പറമ്പിലെ മണ്ഡപത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിയുടെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ബി.ജെ.പി നിയമസഭ കക്ഷി നേതാവ് ബി.ബി. ഗോപകുമാറിനും തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സ്മാരക മലയാളം പൈതൃകവേദി ഭാരവാഹികളുടെ നേതൃത്വത്തിൽ നിവേദനം നൽകി. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ തൈക്കാട്ടുള്ള ഗസ്റ്റ് ഹൗസിൽ വച്ചാണ് നിവേദനം സമർപ്പിച്ചത്.
തുഞ്ചൻ പറമ്പിലെ എഴുത്തച്ഛന്റെ ആരാധന ക്ഷേത്രം നിത്യപൂജയ്ക്കായി തുറന്ന് നൽകി നിയമപരമായി സംരക്ഷിക്കുക, തുഞ്ചൻ പറമ്പിൽ എഴുത്തച്ഛന്റേത് അല്ലാതെ മറ്റാരുടെയും പേരുകളോ സ്തൂപങ്ങളോ ഉയർത്തരുത്, തിരൂർ റെയിൽവേ സ്റ്റേഷന് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ എന്ന് പുനർ നാമകരണം ചെയ്യുക, മലപ്പുറം ജില്ലയെ ലോക ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ അന്താരാഷ്ട്ര എഴുത്തച്ഛൻ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുക, തുഞ്ചൻ പറമ്പിനെ സംസ്ഥാനത്തെ പ്രത്യേക സംസ്കാരിക പൈതൃക കേന്ദ്രമായി സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങളാണ് നിവേദനത്തിലുള്ളത്. പൈതൃക വേദി പ്രസിഡന്റ് സ്നേഹരാജ്, സെക്രട്ടറി മാങ്കുളം രാജേഷ്, ട്രഷറർ ഡോ. മധു, ജോയിന്റ് സെക്രട്ടറി ജയപ്രിയൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.




