NEWS

മൈസൂരു – പറവൂർ റൂട്ടിലെ കെഎസ്ആർടിസി പ്രീമിയം ഫാസ്റ്റ് പാസഞ്ചർ; യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രയായി മാറുന്നു

മൈസൂരുവിൽ നിന്ന് എറണാകുളം പറവൂരിലേക്ക് കെഎസ്ആർടിസി പുതുതായി ആരംഭിച്ച രണ്ട് പ്രീമിയം ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ യാത്രക്കാർക്കിടയിൽ ഏറെ ശ്രദ്ധേയമാകുന്നു. നേരത്തെ തൃശൂർ വരെ മാത്രം സർവീസ് നടത്തിയിരുന്ന ബസുകൾ ഇപ്പോൾ പറവൂരിലേക്ക് ദീർഘിപ്പിക്കുകയായിരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ തീരദേശ പ്രദേശങ്ങളെ മൈസൂരുവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഏക യാത്രാ സൗകര്യമാണിത്.

ഈ റൂട്ടിലെ ആദ്യ സർവീസ് പുലർച്ചെ 5.30-ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് ഗൂഡല്ലൂർ, വഴിക്കടവ്, നിലമ്പൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, കുന്നംകുളം, തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ വഴി വൈകിട്ട് 3.35-ന് പറവൂരിലെത്തിച്ചേരും. രണ്ടാമത്തെ ബസ് വൈകിട്ട് 6 മണിക്ക് മൈസൂരുവിൽ നിന്ന് യാത്ര തിരിച്ച് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പുലർച്ചെ 3.55-ന് പറവൂരിൽ എത്തും. തിരിച്ചുള്ള യാത്രയിൽ, പറവൂരിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 5.15-ന് പുറപ്പെട്ട് വൈകിട്ട് 3.40-നും രണ്ടാമത്തെ ബസ് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10.55-നും മൈസൂരുവിൽ എത്തിച്ചേരും.

മൈസൂരുവിലെ ഐടി മേഖലയിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ മലയാളികൾ ഈ കെഎസ്ആർടിസി സർവീസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം പാലക്കാട്ടേക്ക് തുടങ്ങിയ ഡീലക്സ് സർവീസ് മാനന്തവാടി, താമരശ്ശേരി, മുക്കം, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് വഴിയാണ് സർവീസ് നടത്തുന്നത്. കർണാടക ആർടിസിക്ക് മൈസൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്കും ദിവസേനയുള്ള ബസ് സർവീസുകൾ ലഭ്യമാണ്.

Fashion ⏭️

Back to top button