NEWS
കെഎസ്ആർടിസിക്ക് മറ്റൊരു പ്രതിസന്ധി, പ്രീമിയം സൂപ്പർ ഫാസ്റ്റിനെ കയ്യൊഴിഞ്ഞ് യാത്രക്കാർ; സ്വകാര്യ ബസുകളിൽ ഇല്ലാത്ത കുഴപ്പങ്ങൾ..

തിരുവനന്തപുരം ∙ ബസിനുള്ളിലെ കടുത്ത ചൂടും സീറ്റുകൾക്കിടയിലെ സ്ഥലപരിമിതിയും മൂലം വലഞ്ഞ യാത്രക്കാർ കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളെ കയ്യൊഴിയുന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് വാങ്ങിക്കൂട്ടിയതും ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്തതുമായ ബസുകളാണ് കോർപറേഷന് ബാധ്യതയാവുന്നത്. മന്ത്രി ആന്റണി രാജുവിന്റെ കാലത്തു വാങ്ങിയ സ്വിഫ്റ്റ് ഡീലക്സ് ബസുകളുടെ ഷാസി പൊട്ടുന്നുവെന്ന പരാതിക്കു പുറമേയാണ് കെ.ബി.ഗണേഷ് കുമാർ മന്ത്രിയായ കാലത്ത് വാങ്ങിയ പ്രീമിയം ബസുകൾ സംബന്ധിച്ചും പരാതി. സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിലുള്ള ഈ ബസുകളിൽ പിന്നിലെ 3 നിര സീറ്റുകൾ ടയറിനു മുകളിലെ പ്ലാറ്റ്ഫോമിലാണ് ഉറപ്പിച്ചിരിക്കുന്നത്. ഈ സീറ്റുകളിൽ യാത്ര അസഹനീയമാണെന്ന് യാത്രക്കാർ പറയുന്നു. കണ്ടക്ടർക്കു നടക്കാനോ യാത്രക്കാർക്കു നിൽക്കാനോ സ്ഥലമില്ലാത്ത മട്ടിലാണ് ബോഡി നിർമാണം. മുന്നിലെ സീറ്റിൽ മുട്ടിടിക്കാതെ ഇരുന്ന് യാത്ര ചെയ്യാനാവില്ല. പ്രീമിയം സൂപ്പർ ഫാസ്റ്റിലെ സീറ്റ് കവർ പെട്ടെന്ന് ചൂടാകുന്ന തരത്തിലുള്ളതാണ്. പല ജീവനക്കാരും സ്വന്തം നിലയിൽ ഫാനുകൾ വാങ്ങി സ്ഥാപിച്ചിട്ടുണ്ട്. ഇതേ ബോഡി കോഡ് പാലിച്ച് നിർമിച്ച സ്വകാര്യ ബസുകളിൽ ഇല്ലാത്ത കുഴപ്പങ്ങളാണ് കെഎസ്ആർടിസിയുടെ വണ്ടികളിലെന്ന് യൂണിയൻ നേതാക്കളും ചൂണ്ടിക്കാട്ടുന്നു.
Fashion ⏭️


