NEWS

ആലപ്പുഴയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പൊലീസ്; പരാതി നൽകി കുടുംബം

പ്രതീകാത്മക ചിത്രം

ആലപ്പുഴ: വീയപുരത്ത് കഞ്ചാവ് കടത്തിയെന്ന സംശയത്തിന്റെ പേരിൽ ബിരുദ വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. മർദനത്തിന് പിന്നാലെ യുവാവ് രക്തം ഛർദിച്ചെന്നും മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നെന്നും പരാതിയിൽ പറയുന്നു. മുഹമ്മദ് യാസിൻ എന്ന ഇരുപതുകാരനാണ് പരാതി നൽകിയത്.

എന്നാൽ മോഡിഫിക്കേഷൻ നടത്തിയ കാർ കസ്റ്റഡിയിലെടുത്തതിന്റെ പേരിലുള്ള തെറ്റായ ആരോപണമാണെന്നും കാറിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന ആൾക്കെതിരെ “കഞ്ചാവ് ബീഡി വലിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വീയപുരം പൊലീസ് വ്യക്തമാക്കി. ഈ മാസം 25-ാം തീയതിയാണ് സംഭവം നടക്കുന്നത്. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാട്ടിയപ്പോൾ നിർത്തിയില്ലെന്ന് പറഞ്ഞ് പിന്തുടർന്ന് പിടികൂടി മർദിച്ചെന്നാണ് യുവാവ് പറയുന്നത്. എന്നാൽ പൊലീസ് കൈകാട്ടിയത് കാണാത്തത് കൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്നും പിന്നീട് പൊലീസ് വിളിച്ചപ്പോൾ സ്റ്റേഷനിലേക്ക് പോകും വഴിയാണ് റോഡിൽവച്ച് വളഞ്ഞുപിടികൂടി തല്ലിയതെന്നും പരാതിയിൽ പറയുന്നു.

റോഡിൽ വച്ച് കണ്ട ഒരു സുഹൃത്തായ അശ്വിന് ലിഫ്റ്റ് നൽകിയിരുന്ന കാര്യവും യാസിന് സമ്മതിക്കുന്നുണ്ട്. അശ്വിൻ നേരത്തെ കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നാണ് പൊലീസ് വാദം. സംഭവദിവസം അശ്വിൻ കാറിലിരുന്ന് ക‌്ചാവ് ബീഡി വലിച്ചെന്ന് പൊലീസ് എഫ്ഐആർ ഇട്ടിട്ടുമുണ്ട്. എന്നാൽ അശ്വിന്റെ പേരിൽ കേസുണ്ടായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നാണ് യാസിൻ പറയുന്നത്.

അനധികൃത മോഡിഫിക്കേഷൻ വരുത്തിയെന്നും അശ്രദ്ധമായി വാഹനമോടിച്ചെന്നും കാട്ടിയാണ് യാസിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധന നടത്തിയെങ്കിലും യാസിൻ ലഹരി ഉപയോഗിച്ചതിന്റെ ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. കാറിൽ നിന്ന് കഞ്ചാവോ മറ്റെന്തെങ്കിലും ലഹരി ഉത്പന്നങ്ങളോ കിട്ടിയിട്ടില്ല. മർദനത്തിലേറ്റ പരിക്കിനെക്കാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചെന്ന പ്രചാരണം യുവാവിനെ മാനസികമായി തളർത്തി. മകന് നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ ചൂണ്ടിക്കാട്ടി യുവാവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

English Summary

A 20-year-old undergraduate student has accused the Veeyapuram Police in Alappuzha of brutally assaulting him on suspicion of transporting cannabis. The complainant, Mohammed Yasin, alleged that he vomited blood after the assault and had to undergo treatment at Alappuzha Medical College Hospital for three days.
RELATED TOPICS: ALAPPUZHA STUDENT, KERALA POLICE, POLICE ASSAULT, ALAPPUZHA NEWS, ALAPPUZHA VIDYARTHI POLICE

Read News ⏭️

Back to top button