NEWS

വിപുലീകൃത സംസ്ഥാന കമ്മിറ്റി: നേതൃത്വത്തിന് പ്രഹരം, വിമർശിച്ച് കണ്ണൂർ പ്രതിനിധികൾ, പലർക്കും പല നീതി

തെറ്റായ പ്രവണത അവമതിപ്പ് ഉണ്ടാക്കിയെന്ന് കരട് റിപ്പോർട്ട്

കോഴിക്കോട്: തെറ്റുതിരുത്തലിനുള്ള മാർഗരേഖ സമഗ്രമല്ലെന്ന് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. പാർട്ടി പ്രവർത്തനത്തിൽ

സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ സജീവമല്ലെന്നും തെറ്റായ പ്രവണതകൾ അവമതിപ്പ് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടുന്ന കരട് റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ചത്. ഇതിനെതിരെ കണ്ണൂരിലെ പ്രതിനിധികൾ രംഗത്തെത്തി.

സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് റിപ്പോർട്ടിൽ പറയാത്തതെന്തേ എന്നായിരുന്നു ചോദ്യം. പിണറായിയേയും എം.വി.ഗോവിന്ദനേയും വേദിയിൽ ഇരുത്തിയായിരുന്നു വിമർശനം. പരാജയത്തിന്റെ പഴി അണികൾക്കും ജില്ലാ കമ്മിറ്റികൾക്കും മാത്രമായി ഒതുക്കിയെന്നും വിമർശിച്ചു.

രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങൾ തിരിച്ചടിക്ക് ആക്കംകൂട്ടിയെന്നും എം.വി.ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പിണറായിയിലൂടെ പാർട്ടിയെ ദുർബലപ്പെടുത്താനാണ് ഇ.ഡിയുടെ നീക്കമെന്നും കരടു റിപ്പോർട്ട് ആരാേപിച്ചു. എന്നാൽ, ഇ.ഡിയുടെ നീക്കം ഗൗനിക്കാൻപോലും പ്രതിനിധികൾ തയ്യാറായില്ല. പയ്യന്നൂർ, തളിപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിനിർണയത്തിലെ പാളിച്ചയിൽ സ്വയം വിമർശനം റിപ്പോർട്ടിലില്ല. സ്ഥാനാർത്ഥി നിർണയം പാളിയെന്ന പൊതുവിമർശനം മാത്രമാണുള്ളത്. അതേസമയം, പാർലമെന്ററി വ്യാമാേഹത്തെ കുറ്റപ്പെടുത്തുന്നു.

ഇതോടെയാണ് പിണറായിയേയും ഗാേവിന്ദനെയും പേരടുത്തു പറയാതെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കണ്ണൂരിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, 2021ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തോറ്റു. അപ്പോഴൊന്നും ഒരു തിരുത്തലിനും നേതൃത്വം തയ്യാറായില്ല. പ്രശ്നങ്ങളിൽ അപ്പപ്പോൾ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. പാർട്ടിയിലുണ്ടായ പാർലമെന്ററി വ്യാമോഹത്തിന് ഉത്തരവാദി നേതൃത്വമാണ്. കഴിഞ്ഞ 10 കൊല്ലം പാർലമെന്ററി നേട്ടം ലക്ഷ്യംവച്ചാണ് പ്രവർത്തിച്ചത്.

പുച്ഛം കലർന്ന സമീപനം

പ്രവർത്തകർ പറയുന്നത് കേൾക്കാനുള്ള മനസില്ലാത്തവരായി നേതാക്കൾ മാറിയെന്നും പ്രതിനിധികൾ വിമർശിച്ചു. എന്തിനോടും പുച്ഛം കലർന്ന സമീപനമാണ്. നേതാക്കളുടെ പാർലമെന്ററി മോഹം അപചയത്തിനും അപ്പുറമാണ്. ചിലർ പാർലമെന്ററി സ്ഥാനങ്ങൾക്ക് വേണ്ടി മാത്രം പാർട്ടിയിൽ നിൽക്കുന്നു. മറ്റാരും തങ്ങൾക്ക് പകരക്കാരല്ല എന്ന് ചിന്തിക്കുന്നവരും കുറവല്ല. മാനദണ്ഡങ്ങൾ നിശ്ചയിക്കുമ്പോൾ പലർക്കും പല നീതിയാണെന്നും വിമർശനം ഉയർന്നു.

തളിപ്പറമ്പ് റിപ്പോർട്ടിലില്ല

പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച എടുത്തുപറഞ്ഞെങ്കിലും എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള മത്സരിച്ച തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം കരട് റിപ്പോർട്ടിൽ ഇടംപിടിച്ചില്ല. എന്നാൽ, കെ.കെ.ശൈലജയെ മാറ്റി മത്സരിപ്പിച്ചതും എ.എൻ.ഷംസീറിനെ മത്സരിപ്പിക്കാത്തതും ചർച്ചയായി. കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്നലത്തെ പൊതുചർച്ചയിൽ പങ്കെടുത്തത്.

നേതൃത്വം കണ്ടെത്തിയ

കീഴ്ഘടകത്തിലെ വീഴ്ചകൾ

ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനത്തെ സഹായിക്കുന്നതിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞില്ല. പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്ത് പോവുക മാത്രമാണ് ചെയ്യുന്നത്. ജില്ലാ കമ്മിറ്റികളുടെ രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായില്ല.

പാർട്ടി അംഗങ്ങൾ മെമ്പർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി. ഇതു ഗൗരവത്തോടെ കാണാനോ യഥാർത്ഥ പ്രശ്നം അന്വേഷിക്കാനോ പ്രാദേശികമായി കഴിഞ്ഞില്ല.

അടിയൊഴുക്കുകളെ മനസിലാക്കുന്നതിൽ എല്ലാ തലങ്ങളിലെയും ഘടകങ്ങളും പരാജയപ്പെട്ടു.

ശക്തികേന്ദ്രങ്ങളിൽ പോലും പാർട്ടി വോട്ടുചോർന്നു. ജനങ്ങളുമായി സംവദിച്ച് രാഷ്ട്രീയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ കഴിയുന്ന പ്രവർത്തകരുടെ എണ്ണം കുറയുന്നു.

പോഷക സംഘടനകളിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Read News ⏭️

Back to top button