NEWS

കോട്ടയത്ത് കാർ ആറ് വാഹനങ്ങളിൽ ഇടിപ്പിച്ചത് ആത്മഹത്യാശ്രമം; ഷാരോണിനെതിരെ കേസ്

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ ഒൻപത് പേർക്ക് പരുക്കേൽക്കാൻ കാരണമായ വാഹനാപകടം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. കൂട്ടിക്കൽ തേൻപുഴ സ്വദേശിയായ ഷാരോൺ (27) ഓടിച്ചിരുന്ന കാർ നിയന്ത്രിച്ചുവന്ന രീതിയിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിലാണ് ഇയാൾക്കെതിരെ മുണ്ടക്കയം പോലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

അപകടത്തിൽ പരുക്കേറ്റവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. താൻ ജീവനൊടുക്കാൻ ഉദ്ദേശിച്ചാണെന്നും, കണ്ണുകൾ അടച്ചുപിടിച്ചാണ് വാഹനം ഓടിച്ചതെന്നും ഷാരോൺ പോലീസിന് മൊഴി നൽകി. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്.

ഷാരോൺ ഓടിച്ചിരുന്ന കാർ ആദ്യം എതിർദിശയിൽ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തുണ്ടായിരുന്ന മൂന്ന് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു കയറി. അപകടത്തിൽ കാൽനടയാത്രക്കാരടക്കം ഒൻപത് പേർക്കാണ് പരുക്കേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഷാരോൺ കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Fashion ⏭️

Back to top button