NEWS
4000 കിലോമീറ്റർ താണ്ടി ഒഡിഷയിലെ നക്സൽ മേഖലയിൽ, അർദ്ധരാത്രിയിൽ മിന്നൽ നീക്കം; 13 കാരിയെ രക്ഷപ്പെടുത്തി കേരള പൊലീസ്

കൊച്ചി ∙ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13 കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്.ഓഗസ്റ്റ് 13ന് വൈകിട്ട് ആറു മണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി.പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു. തുടർന്ന് അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ തീരുമാനിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടിയിൽ നിന്നുള്ള അന്വേഷണ സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി.
Fashion ⏭️


