NEWS
കണ്ണൂർ കോർപറേഷനിൽ വ്യാജരേഖകൾ ഹാജരാക്കിയാൽ കെട്ടിട നമ്പർ റെഡി

കണ്ണൂർ ∙ കണ്ണൂർ കോർപറേഷനിൽ വ്യാജരേഖകൾ ഹാജരാക്കിയാൽ കെട്ടിട നമ്പർ റെഡി. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെന്നാണു ആരോപണം. കോർപറേഷന്റെ പള്ളിക്കുന്ന് സോണിൽ കെട്ടിട പെർമിറ്റ് അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു കോർപറേഷൻ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. റവന്യു വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകാൻ മേയർ കോർപറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.പള്ളിക്കുന്ന് സോണിൽ കെട്ടിട നമ്പർ ലഭിക്കുന്നതിനായി കെട്ടിട പെർമിറ്റും താമസാനുമതി സർട്ടിഫിക്കറ്റുമാണ് വ്യാജമായി തയാറാക്കിയതെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമേ അസിസ്റ്റന്റ് എൻജിനീയറുടെയും ഓവർസിയറുടെയും ഡിജിറ്റൽ ഒപ്പും ഫയൽ നമ്പറും വ്യാജമായി ഉണ്ടാക്കിയാണു തട്ടിപ്പ് നടത്തിയത്. പയ്യാമ്പലത്തിനു സമീപം നിർമിച്ച കെട്ടിടത്തിനാണ് വ്യാജരേഖകൾ സമർപ്പിച്ച് നമ്പർ നേടിയത്. റസ്റ്ററന്റ് തുടങ്ങുന്നതിനായാണ് ചാലാട് സ്വദേശിയായ കെട്ടിട ഉടമ ഓൺലൈനായി അപേക്ഷ നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തു കണ്ണൂർ ∙ കോർപറേഷൻ പള്ളിക്കുന്ന് സോണിൽ വ്യാജ രേഖകൾ ഹാജരാക്കി കെട്ടിട നമ്പർ നേടിയ സംഭവത്തിൽ കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ചാലാട് സ്വദേശി ടി.പി.ഖലീൽ, കതിരൂർ സ്വദേശികളായ അർഷാദ് റഷീദ്, മുഹമ്മദ് അദിനാൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ദം എന്ന പേരിലുള്ള റസ്റ്ററന്റ് തുടങ്ങുന്നതിനായി വ്യാജ രേഖകൾ ഹാജരാക്കി കോർപറേഷനോട് മന:പൂർവ്വം വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്.
Fashion ⏭️


