NEWS
കാറിനുള്ളിൽ അജിത്, പുറത്ത് പച്ചക്കൊടിയുമായി വിജയ്; ‘തലയുടെ’ റേസിങ് കാണാൻ തൃഷയും രാധികയും, മനസ്സ് കീഴടക്കി ‘താരസൗഹൃദം’

ലണ്ടൻ∙ ബ്രിട്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ റേസിങ് ട്രാക്കിൽ നടന്ന മിഷേലിൻ ലെ മാൻസ് കപ്പ് മത്സരം നടൻ അജിത് കുമാറിന്റെ റേസിങ് പ്രകടനത്തിനപ്പുറം തമിഴ് സിനിമയും യുകെയിലെ തമിഴ് സമൂഹവും ഒന്നിച്ച ഒരു ശ്രദ്ധേയ വേദിയായി. അജിത്തിന്റെ ‘അജിത്ത് റെഡ്ആൻഡ് ബൈ വിരാജ്’ (Ajith RedAnt by Virage) ടീം മത്സരത്തിൽ 38-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും റേസിനേക്കാൾ വലിയ ശ്രദ്ധ നേടിയത് ‘തല’ അജിത്തും ‘ദളപതി’ വിജയിയും ഒരേ വേദിയിൽ പങ്കിട്ട സൗഹൃദനിമിഷങ്ങളായിരുന്നു. റേസിന് മുന്നോടിയായി അജിത്തിനെ കാണാനെത്തിയ തമിഴ് നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അദ്ദേഹത്തെ സ്നേഹപൂർവം ആലിംഗനം ചെയ്തു. വർഷങ്ങളായി തമിഴ് സിനിമയിലെ രണ്ട് വലിയ താരങ്ങളായി ആരാധകർക്കിടയിൽ താരമത്സരത്തിന്റെ പ്രതീകങ്ങളായി മാറിയിരുന്ന ഇരുവരും സിൽവർസ്റ്റോണിൽ പരസ്പര ബഹുമാനവും സൗഹൃദവും പ്രകടമാക്കിയപ്പോൾ, ഇരുതാരങ്ങളുടെയും ആരാധകർ ഒരുമിച്ച് അതിനെ ആഘോഷിച്ചു.സിനിമാരംഗത്ത് തങ്ങൾ 34 വർഷമായി സഹപ്രവർത്തകരാണെന്ന് അജിത് വ്യക്തമാക്കിയിരുന്നു. തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിലും തന്റെ റേസ് കാണാൻ വിജയ് സമയം കണ്ടെത്തിയതിൽ നന്ദിയുണ്ടെന്നും അജിത് പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള മോട്ടർസ്പോർട്സ് മത്സരങ്ങൾ ഇന്ത്യയിലും പ്രത്യേകിച്ച് ചെന്നൈയിലും നടത്താൻ കഴിയണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. വിജയിയുടെ സിൽവർസ്റ്റോൺ സന്ദർശനത്തിന് കായികപരമായ പ്രാധാന്യവും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിർദേശിക്കപ്പെട്ട മോട്ടർസ്പോർട്സ് സിറ്റിക്കായി ലോകോത്തര റേസിങ് വേദിയിലെ സൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും മനസ്സിലാക്കാനുള്ള അവസരമായിരുന്നു സന്ദർശനം. 44 കാറുകൾ അണിനിരന്ന മത്സരത്തിന് വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശി.ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്X/LeMansCup ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Fashion ⏭️


