BUSINESS

സിയാലിന്റെ‌ പുത്തൻ പദ്ധതികൾക്ക് തുടക്കം; ആദ്യം ബംഗാളിലെ ദുർഗാപുരിൽ, ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം


കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) പുത്തൻ സേവനങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിയാൽ എയ്‌സസ് (ഏവിയേഷൻ കൺസൽട്ടൻസി ആൻഡ് എക്‌സ്പേർട്ട് സർവീസസ്), പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്ന ബ്രിജ് മൗണ്ട് എക്യൂപൻസ് സർവീസ് (ബിഎംഇ) എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ബിഎംഇ സേവനം ലഭ്യമാക്കാനാകുമെന്ന് പറ‍ഞ്ഞ മുഖ്യമന്ത്രി, ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സൗജന്യ സേവനം നടപ്പാക്കുന്നതെന്നും വ്യക്തമാക്കി. സിയാലിന്റെ അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് പകർന്നുനൽകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. സിയാലിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കൊമേഴ്‌സ്യൽ മേഖലകളിൽ സിയാൽ കൺസൽട്ടൻസി സേവനം നൽകും. ബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനമാണ് ആദ്യ പദ്ധതിയായി സിയാൽ എയ്സസ് നടപ്പാക്കുന്നത്. വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ് ആയി വികസിപ്പിക്കുക, വിമാനത്താവളത്തിന് അനുബന്ധമായി ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കുക, വരുമാന സാധ്യതകൾ വളർത്തുക, നൂതന സാങ്കേതികവിദ്യ വഴി യാത്രാനുഭവം മികച്ചതാക്കുക എന്നീ പദ്ധതികൾക്കും തുടക്കമിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം.ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, കമ്പനി സെക്രട്ടറി കെ.രാജീവ്‌, സിഎഫ്ഒ സജി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു. ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം ഓഹരിയുടമകൾക്ക് 55% ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശ സിയാൽ വാർഷിക പൊതുയോഗം അംഗീകരിച്ചു. 2025-26 സാമ്പത്തിക വർഷം 1,220 കോടി രൂപയുടെ മൊത്ത വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാൽ നേടിയത്. 73,134 വിമാന സർവീസുകളാണ് കഴിഞ്ഞവർഷം നടന്നത്. 1.14 കോടി യാത്രക്കാരെയും സിയാൽ കൈകാര്യം ചെയ്തു. 


Travel ⏭️

Back to top button