ഏകാദശിക്ക് ഗുരുവായൂരപ്പന് മുന്നിൽ ഇനി തെളിയിക്കുന്നത് ‘നീതി വിളക്ക്’; 100 വർഷം പഴക്കമുള്ള ചടങ്ങിന് പേരുമാറ്റം

ഗുരുവായൂർ ക്ഷേത്രം
തൃശൂർ: ഗുരുവായൂർ ഏകാദേശിക്ക് കണ്ണനുമുന്നിൽ തെളിയിക്കുന്ന ‘കോടതി വിളക്ക്’ പുനർനാമകരണം ചെയ്ത് ‘നീതിവിളക്ക്’ എന്നാക്കി. ഏകാദശി കാലത്തെ ഒരാഴ്ച നീളുന്ന ചടങ്ങിന്റെ ഭാഗമാണ് വിളക്ക് തെളിയിക്കൽ. ഇത് വർഷങ്ങളായി ഗുരുവായൂർ ദേവസ്വം ബോർഡാണ് നടത്തി വരുന്നത്. ഈ പരിപാടിയിൽ വിവിധ സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കാറുണ്ട്. ഇതിൽ ഉൾപ്പെട്ടിരുന്ന ചടങ്ങാണ് ‘കോടതി വിളക്ക്’. ഇതിന് 100 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിശ്വാസം.
കോടതിവിളക്കെന്ന പേരിൽ ഈ ചടങ്ങ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് പുനർനാമകരണം ചെയ്തത്. കോടതിവിളക്ക് എന്ന പേരിന് പകരം സാദ്ധ്യമെങ്കിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് ദേവസ്വം ബോർഡ് മറ്റൊരു പേര് കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് സംഘാടകരുടെ കൂടി നിർദേശം പരിഗണിച്ച് പേര് ‘നീതിവിളക്ക്’ എന്നാക്കി മാറ്റാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
നവംബറിലാണ് ഇക്കൊല്ലത്തെ ഗുരുവായൂർ ഏകാദശി നടക്കുക. ഏകാദശിയോടനുബന്ധിച്ച് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും 30 ദിവസം ‘വിളക്കുകൾ’ നടത്തുക പതിവാണ്. ന്യായാധിപർ, അഡ്വക്കറ്റ് ക്ലാർക്കുമാർ എന്നിവരുടെ സഹകരണത്തോടെ അഭിഭാഷകരുടെ ‘കോർട്ട് വിളക്ക് സെലിബ്രേഷൻ കമ്മിറ്റി’യാണ് ‘കോടതിവിളക്ക്’ നടത്തി വരുന്നത്. ‘ചാവക്കാട് മുൻസിഫ് കോടതി വിളക്ക്’ എന്നാണ് ഈ ചടങ്ങിന് ദേവസ്വം രേഖകളിലുള്ള പേര്.
എന്നാൽ കോടതിവിളക്ക് എന്ന പദം ഇതിന് ഉപയോഗിക്കരുതെന്ന് 2022ൽ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്ന് പേരുമാറ്റാൻ നിർദേശിച്ചിരുന്നു. മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും ഇതിൽ നടപടി വേണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് പുനർനാമകരണം നിലവിൽ വരുന്നത്.
English Summary
Guruvayur Devaswom has renamed the century-old ‘Court Vilakku’ ceremony held during Guruvayur Ekadashi as ‘Neethi Vilakku’. The change followed a Kerala High Court direction after objections to using the term ‘Court Vilakku’ in a secular society. The ceremony, traditionally organized with lawyers, judges and advocate clerks, will continue as part of the annual Ekadashi celebrations in November this year.
RELATED TOPICS: GURUVAYUR EKADASHI, NEETHI VILAKKU, GURUVAYUR TEMPLE, COURT VILAKKU, GURUVAYUR EKADASHI 2026
Read News ⏭️

