CINEMA

അവാർഡ് നിരസിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം

‘കേരളവർമ പഴശ്ശിരാജ’ എന്ന സിനിമയ്ക്ക് അർഹമായ പരിഗണന കേരളത്തിൽ നിന്ന് ലഭിച്ചില്ലെന്ന് സംവിധായകൻ ഹരിഹരൻ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഉത്ഭവം കേരളത്തിൽ നിന്നാണെന്ന സത്യം സിനിമാലോകത്തും ചരിത്രപുസ്തകങ്ങളിലും കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഉത്തരേന്ത്യയിലെ ശിപായി ലഹളയിൽ നിന്നാണ് ആരംഭിച്ചതെന്ന പൊതുധാരണ മാറ്റിയെഴുതാൻ തന്റെ ചിത്രത്തിന് കഴിഞ്ഞു. മലബാർ മാനുവൽ പോലുള്ള ആധികാരിക ചരിത്രരേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പഴശ്ശി രാജാവാണ് സമരത്തിന്റെ യഥാർത്ഥ തുടക്കക്കാരനെന്ന് തെളിയിക്കാനായതിൽ സന്തോഷമുണ്ട്.

ഈ ചിത്രം പുറത്തിറങ്ങിയപ്പോൾ ലോകമെമ്പാടും മികച്ച സ്വീകരണമാണ് ലഭിച്ചത്. ജപ്പാനിലും ലണ്ടനിലുമടക്കം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, കേരളത്തിൽ മാത്രം ചിത്രം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വേരുകൾ കേരളത്തിലാണെന്ന് വിളിച്ച് പറയുന്നതും ദേശസ്നേഹം നിറഞ്ഞുനിൽക്കുന്നതുമായ ഒരു ചിത്രം നിർമ്മിച്ച നിർമ്മാതാവിനെ ആദരിക്കാൻ അന്നത്തെ പുരസ്കാര സമിതി തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് സംവിധായകൻ എന്ന നിലയിൽ താൻ ലഭിക്കേണ്ട പുരസ്കാരം വേണ്ടെന്നു വെച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടി ചലച്ചിത്ര അക്കാദമിക്ക് അന്ന് താൻ ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തിരുന്നുവെന്ന് ഹരിഹരൻ ഓർമ്മിക്കുന്നു.

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കേരളവർമ്മ പഴശ്ശിരാജ’, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചത്.

Business ⏭️

Back to top button