NEWS
കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത്; കമിതാക്കൾ പിടിയിൽ

ഹൈദരാബാദ് ∙ പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിനു തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമലതയുടെ പിറന്നാളിനു ഐഫോൺ വാങ്ങുന്നതിനു വേണ്ടിയാണ് ലഹരിക്കടത്തിനു ഇറങ്ങിയതെന്ന് മിത്ര ചൈതന്യ മൊഴി നൽകി. ഒഡീഷയിൽനിന്നും 12 കിലോ കഞ്ചാവും വാങ്ങി വരുന്ന വഴി ഖമ്മം ജില്ലയിൽ വച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്.പൊലീസ് നൽകുന്ന വിവരപ്രകാരം കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും കഞ്ചാവ് വാങ്ങിയത്. ശേഷം ബൈക്കിൽ കാമുകിയുമായി ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ റോഡിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് കണ്ടെത്തിയത്. പൊലീസിനെ കണ്ട് യുവാവ് ബൈക്കിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് സംഘം പിന്തുടർന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസ്സാര പരുക്കേറ്റതായും പൊലീസ് പറഞ്ഞു.
Fashion ⏭️


