NEWS

ചേരാനല്ലൂർ അപകടം; 17കാരനെ രക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് കുടുംബം, പ്രതിഷേധം ശക്തം

അപകടത്തിൽ തകർന്ന സ്‌കൂട്ടർ (വലതുവശം)

കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ ബെൻസ് കാർ ഓടിച്ചിരുന്ന 17കാരനെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധിച്ച് മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം. 17കാരനെ രക്ഷിക്കാനായി പൊലീസ് ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നുണ്ടെന്നും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്നും കുടുംബം ആരോപിക്കുന്നു. കൗമാരക്കാരന്റെ പിതാവും ബെൻസ് കാറിന്റെ ഉടമയുമായ അഡീഷണൽ ജില്ലാ ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യറിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആരോപിക്കുന്നു. ചേരാനല്ലൂർ സർക്കിൾ ഇൻസ്‌പെക്‌ടർ ഓഫീസിനുമുന്നിലാണ് കുടുംബം പ്രതിഷേധിക്കുന്നത്.

മൊബൈൽ ഫോണിൽ പകർത്തിയ കൗമാരക്കാരന്റെ ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ദൃശ്യങ്ങൾ പകർത്തിയ ഫോൺ പൊലീസ് ഉദ്യോഗസ്ഥൻ കൗമാരക്കാരനൊപ്പംവന്നയാൾക്ക് കൈമാറുകയായിരുന്നു. ആ വ്യക്തിയാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തതെന്ന് കുടുംബം പറയുന്നു. ഇതാണ് പൊലീസുകാർ പ്രതിഭാഗത്തിന് കൂട്ടുനിൽക്കുകയാണെന്ന സംശയം ശക്തമാക്കിയത്. 17കാരൻ ആദ്യമായാണ് വാഹനം എടുത്തതെന്ന് പിതാവ് പറഞ്ഞെങ്കിലും ഇത് വിശ്വാസയോഗ്യമല്ലെന്നും കുടുംബം പറയുന്നു.

Read News ⏭️

Back to top button