NEWS

ഏഴ് ചാക്ക് നിരോധിത പുകയില മോഷണം പോയ കേസില്‍ ട്വിസ്റ്റ്; പ്രതി പൊലീസുകാരൻ തന്നെ


ബത്തേരി ∙ പൊലീസ് സ്റ്റേഷനിലെ അതീവ സുരക്ഷയുള്ള പ്രോപ്പർട്ടി മുറിയിൽ സൂക്ഷിച്ച 7 ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം പ്രതിയിലേക്കെത്തിയെന്ന് സൂചന. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സബിത്താണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി ജില്ല വിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വയനാട് എസ്പിക്ക് ഡിവൈഎസ്പി റിപ്പോര്‍ട്ട് കൈമാറി. ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് പിടിച്ച 13,800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കോടതി നിർദേശപ്രകാരം ബത്തേരി സ്റ്റേഷനകത്ത് സൂക്ഷിച്ചിരുന്നു. ഇതു സൂക്ഷിച്ച മുറിയിൽ നിന്ന് ഏഴ് ചാക്ക് സാധനങ്ങൾ മോഷണം പോയി. പൊലീസ് സേനയ്ക്കാകെ നാണക്കേടായ കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ചാക്കുകൾ വണ്ടിയിൽ കടത്തുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംശയമുന സ്വാഭാവികമായും പൊലീസ് ഉദ്യോഗസ്ഥനിലേക്ക് നീണ്ടു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉദ്യോഗസ്ഥന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തു.


Fashion ⏭️

Back to top button