SPORTS

‘സ‍ഞ്ജു വിരമിക്കുന്നതാണ് നല്ലത്!’, ‘പ്ലേയിങ് ഇലവനിൽ എത്താനുള്ള യോഗ്യത എന്താണ്?’: കടുത്ത വിമർശനവുമായി മുൻ താരങ്ങൾ; കാത്തിരുന്ന് 15കാരൻ


ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ എന്ന പേര് എപ്പോഴും ചർച്ചകളുടെയും വിവാദങ്ങളുടെയും കേന്ദ്രബിന്ദുവാണ്. അപാരമായ പ്രതിഭയും ക്രീസിലെ സാന്നിധ്യവും കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ സഞ്ജു, കളിക്കളത്തിലെ സ്ഥിരതയില്ലായ്മ കാരണം വീണ്ടും വിമർശനങ്ങളുടെ നിഴലിലാണിപ്പോൾ. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മൽസത്തിൽ സഞ്ജു വീണ്ടും നിരാശപ്പെടുത്തിയതോടെ, അന്തിമ ഇലവനിൽ താരത്തിന്റെ സ്ഥാനത്തെച്ചൊല്ലി വലിയ തർക്കങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തിരിക്കുന്നത്. ഒരു വശത്ത് പ്രതിഭ തെളിയിച്ച് ടീമിന് പുറത്തിരിക്കുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയും, മറുവശത്ത് വീണ്ടും വീണ്ടും അവസരങ്ങൾ പാഴാക്കുന്ന സഞ്ജുവും നിൽക്കുമ്പോൾ, ബിസിസിഐയുടെ മുന്നോട്ടുള്ള നയം ചോദ്യം ചെയ്യപ്പെടുകയാണ്.മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് അനായാസജയം സ്വന്തമാക്കിയെങ്കിലും സഞ്ജുവിന്റെ പുറത്താകൽ രീതി ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ചൊടിപ്പിച്ചു. ഒരേതരം പന്തുകളിൽ, ഒരേ ഷോട്ട് കളിച്ച് വിക്കറ്റ് കളയുന്ന സഞ്ജുവിന്റെ രീതിയെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ കമന്ററിയിൽ കടുപ്പത്തിൽ വിമർശിച്ചു. ‘‘സഞ്ജു സ്വയം തിരിച്ചടിയുണ്ടാക്കുകയാണ്. അദ്ദേഹം ഇപ്പോഴും തികച്ചും അസ്ഥിരനാണ്.’’– മഞ്ജരേക്കർ തുറന്നടിച്ചു.∙ ലോകകപ്പിലെ ഹീറോ, പിന്നീട് വീണ്ടും ഫോം ഔട്ട് ആറുമാസം മുൻപ് നടന്ന 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മുഖ്യ ശിൽപികളിൽ ഒരാളായിരുന്നു സഞ്ജു സാംസൺ. സൂപ്പർ 8ൽ വെസ്റ്റിൻഡീസിനെതിരെയും സെമിയിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലിൽ ന്യൂസീലൻഡിനെതിരെയും പുറത്തെടുത്ത മാച്ച് വിന്നിങ് ഇന്നിങ്സുകൾ സഞ്ജുവിനെ ടൂർണമെന്റിലെ മികച്ച താരമാക്കി. അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു അന്ന് അടിച്ചുകൂട്ടിയത്.


Auto ⏭️

Back to top button