NEWS

അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 1,248 ലീറ്റർ സ്പിരിറ്റ്: എത്തിച്ചത് കർണാടകയിൽ നിന്ന്


കൊച്ചി ∙ ഓണം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1,248 ലീറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്. അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയോരത്ത് സിമന്റ് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ ബോട്ട്ലിങ് യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ വിപണനം തടയാൻ എക്സൈസ് നടത്തുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച കൊല്ലം ചത്തന്നൂർ പി.ജെ. നിവാസിൽ രതീഷ്, പറവൂർ ചെറിയപള്ളംതുരുത്ത് കക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാനിൽനിന്ന് ഹോളോബ്രിക്സ് യൂണിറ്റിലേക്ക് സ്പിരിറ്റ് ക്യാനുകൾ ഇറക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഉൾപ്പെട്ടിട്ടുള്ളവരെയും സ്ഥല ഉടമസ്ഥനെയും ഉടൻ പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ.സതീഷിന്റെ നിർദേശപ്രകാരം അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ എ.വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പത്മകുമാർ, പി.കെ.ബിജു, സുരേഷ് ബാബു, റെഞ്ചു എൽദോ തോമസ്, വി.എസ്.ഷൈജു, പ്രിവന്റീവ് ഓഫിസർമാരായ ഷിബു, രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, നൗഫൽ, സൽമാനുൽ ഫാരീസ്, സജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


Fashion ⏭️

Back to top button