അല്ലു അർജുനും ബേസിൽ ജോസഫും ഒന്നിക്കുന്നു? മുംബയിൽ കൂടികാഴ്ച, ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

അല്ലു അർജുനും ബേസിൽ ജോസഫും, ബേസിൽ രചയിതാവ് അരുൺ അനിരുദ്ധനൊപ്പം
മുംബയ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശക്തമാകുന്നു. സംവിധായകനും രചയിതാവുമായ അരുൺ അനിരുദ്ധൻ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ബേസിൽ ജോസഫ്, പോൾസൺ സ്കറിയ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അരുൺ പങ്കുവച്ചത്. അല്ലു അർജുന്റെ പ്രിയപ്പെട്ട കാറുകളിലൊന്നായ ‘666’ എന്ന ഫാൻസി നമ്പറിലുള്ള കറുത്ത റേഞ്ച് റോവറിന്റെ ചിത്രവും പുഷ്പയിലെ ഗാനവും പശ്ചാത്തലമാക്കിയുള്ള ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.
ചിത്രത്തിന്റെ ചർച്ചകൾക്കായി മുംബയിൽവച്ച് ബേസിലും സംഘവും അല്ലു അർജുനുമായി കൂടികാഴ്ച നടത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മുൻപ് ഒരു അഭിമുഖത്തിൽ അല്ലു അർജുനുമായുള്ള പ്രോജക്റ്റിനെക്കുറിച്ച് ബേസിൽ സംസാരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. മിന്നൽ മുരളിക്ക് ശേഷം ബേസിൽ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് പ്രോജക്റ്റിന്റെ കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളാണ് അല്ലു അർജുൻ. വരും വർഷങ്ങളിൽ വൻ പ്രോജക്റ്റുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ തമിഴ് സംവിധായകൻ അറ്റ്ലിയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ദീപിക പദുക്കോൺ, മൃണാൾ താക്കൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
RELATED TOPICS: ALLUARJUN, BASIL JOSEPH, ALLU ARJUN BASIL JOSEPH MOVIE, MUMBAI, CINEMA NEWS
Business ⏭️




