NEWS

‘ജാതി മത ശക്തികളെ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ അനുവദിക്കില്ല’: ആര്‍ക്കും കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ എക്‌സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എത്താതിരുന്നത് ഔദ്യോഗികത്തിരക്കുകള്‍ മൂലമാണെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍. വിഴിഞ്ഞത്ത് റോഡ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കലിനായി 3200 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വര്‍ഷമായി ഒരു വികസനപ്രവൃത്തിയും അവിടെ ഉണ്ടായിട്ടില്ല. റെയില്‍ കണക്ടിവിറ്റിക്കായി ചര്‍ച്ചകള്‍ തുടരുകയാണെന്നും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ 18 മിനി പോര്‍ട്ടുകളെയും ബന്ധിപ്പിച്ചു വിപുലമായ പദ്ധതിയാണു നടപ്പാക്കുന്നത്. ദേശീയപാത നിര്‍മാണം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ നേരിട്ടു ലോക്ഭവനിലേക്കു വിളിച്ചുവരുത്തുന്നതില്‍ ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ജാതി മത ശക്തികളും സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ അനുവദിക്കില്ലെന്നും ആര്‍ക്കും കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെ ലോക്ഭവനിലേക്കു വിളിച്ചു വരുത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഡിജിപി ഉള്‍പ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനെ അതൃപ്തി അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എഫ്‌ഐയുടെ സമരവുമായി ബന്ധപ്പെട്ട കാലടി സംസ്‌കൃത സര്‍വകലാശാല വിസി സിസ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഡിജിപിയെ ലോക്ഭവനിലേക്കു വിളിച്ചു വരുത്തിയത്.സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. ഓണക്കിറ്റ് നല്‍കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. ആറു ലക്ഷത്തിലേറെ ഓണക്കിറ്റുകള്‍ തയാറാണ്. സപ്ലൈകോയുടെ ഔട്ട്‌ലറ്റുകളില്‍ സബ്‌സിഡി ഉള്ള എല്ലാ ഉല്‍പന്നങ്ങളും എത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ് യാര്‍ഡിനു രാമന്തുരുത്തില്‍ 18.16 ഏക്കര്‍ പാട്ടത്തിനു കൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1.70 ലക്ഷം രൂപ പ്രതിവര്‍ഷം പാട്ടത്തുകയായി സര്‍ക്കാരിനു ലഭിക്കും. 5000 കോടി രൂപയുടെ ഷിപ്പ് ബ്ലോക്ക് നിര്‍മാണ പദ്ധതിയാണ് നടപ്പാക്കുന്നത്. രണ്ടായിരം പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button