NEWS
‘തിരഞ്ഞെടുപ്പിലുണ്ടായത് പ്രതീക്ഷിക്കാത്ത ഫലം; വിമർശനങ്ങളില്ലെങ്കിൽ അത് കമ്യൂണിസ്റ്റ് പാർട്ടിയല്ല’

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടായതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അതിൽ ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. അതാണ് വളരെ സൂക്ഷ്മമായി പാർട്ടിക്കുള്ളിൽ ഉടനീളം അഭിപ്രായങ്ങൾ കേട്ട് ഒരു ആശയരൂപീകരണം നടത്തുന്നത്. ആ വ്യക്തത വരുന്നതോടെ വീഴ്ചകളും പാളിച്ചകളും പരിഹരിക്കാനാകുന്ന തിരുത്തലുകൾ നടത്തും. ലോകത്തുള്ള എല്ലാ സാഹചര്യങ്ങളും കമ്യൂണിസ്റ്റ് പാർട്ടി ചർച്ച ചെയ്യും. വിമർശനങ്ങൾ സ്വാഭാവികമായും ഉണ്ടാകും. വിമർശനങ്ങളില്ലാത്ത പാർട്ടി ഒരു കമ്യൂണിസ്റ്റ് പാർട്ടി ആയിരിക്കില്ല. വിമർശനങ്ങൾക്കൊപ്പം സ്വയം വിമർശനവും ഉണ്ടാകുമെന്നും ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് പുറത്തുവരുന്നത് പലതും ഊഹങ്ങളും നിഗമനങ്ങളുമാണ്. ശരിയായ വഴിയിലേക്ക് തന്നെയാണ് പാർട്ടിയിലെ ചർച്ചകൾ നീങ്ങുന്നത്. വിശാല സംസ്ഥാന കമ്മിറ്റി യോഗം കേരളത്തിലെ സിപിഎമ്മിനു കൂടുതൽ കരുത്തും ശക്തിയും നൽകും. പാർട്ടിയെ കുറച്ചുകൂടി തിളക്കമുള്ളതാക്കും. തിരഞ്ഞെടുപ്പിന്റെ തെറ്റും ശരിയും പരിശോധിക്കാനല്ല കേരളത്തിലെ പാർട്ടി അഭിമുഖീകരിക്കുന്ന പ്രശ്നം, കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ വന്ന തിരിച്ചടി പരിശോധിക്കുകയാണ് ലക്ഷ്യമെന്നും ഇ.പി.ജയരാജൻ വിശദീകരിച്ചു.
Fashion ⏭️




