HEALTH
ചാടിച്ചാടി വണ്ണംകുറയ്ക്കാം, ശരീരം ഫിറ്റാക്കാം; ട്രാംപോളിൻ വർക്കൗട്ടിന്റെ ഗുണങ്ങൾ

മാളുകളിലെ പ്ലേ ഏരിയയിൽ ട്രാംപോളിനിൽ ചാടിക്കളിക്കുന്ന കുട്ടികളെ കാണുമ്പോൾ, ഒരു നിമിഷമെങ്കിലും അതിലേക്ക് കയറി അതുപോലെ ചാടണമെന്ന് തോന്നിയിട്ടില്ലേ? എന്നാൽ അത് വെറുമൊരു കുട്ടിക്കളിയല്ല. ശരീരത്തെ ഫിറ്റാക്കാൻ സഹായിക്കുന്ന ഒരു വർക്ഔട്ട് കൂടിയാണ്. റീബൗണ്ടിങ് എന്നറിയപ്പെടുന്ന ഈ ട്രാംപോളിൻ വർക്ഔട്ട് ഇപ്പോൾ ഫിറ്റ്നസ് ലോകത്തും ശ്രദ്ധ നേടുകയാണ്.ചെറിയ ട്രാംപോളിനിൽ തുടർച്ചയായി ചാടുന്ന ഈ വ്യായാമം വെറും കാർഡിയോ മാത്രമല്ല. ഓരോ ചാട്ടത്തിലും കണങ്കാൽ, കാൽമുട്ട്, ഇടുപ്പ് എന്നിവയിലെ പേശികൾ പ്രവർത്തിക്കുന്നു. കാൽവണ്ണ, തുട, ഗ്ലൂട്ട്സ് എന്നിവയ്ക്കൊപ്പം ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ കോർ പേശികളും സജീവമാകുന്നു. ചലിക്കുന്ന പ്രതലമായതിനാൽ ശരീരം നിരന്തരം പൊസിഷൻ ക്രമീകരിക്കേണ്ടിവരുന്നത് ബാലൻസും ഏകോപനശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കും.ഗുണങ്ങൾ പരമ്പരാഗത കാർഡിയോ വ്യായാമങ്ങളെക്കുറിച്ച് ആശങ്കയുള്ളവർക്കും സന്ധികൾക്ക് സെൻസിറ്റിവിറ്റിയുള്ളവർക്കും റീബൗണ്ടിങ് കുറഞ്ഞ ആഘാതമുള്ള ഒരു തുടക്ക വ്യായാമമാകാമെന്ന് വിദഗ്ധർ പറയുന്നു.ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം കോർ പേശികളുടെ പ്രവർത്തനം, ശരീരത്തിന്റെ പോസ്ചർ, ബാലൻസ്, അസ്ഥികളുടെ സാന്ദ്രത എന്നിവയ്ക്കും ഇത് ഗുണം ചെയ്യാം. ട്രാംപോളിനിൽ ചാടുമ്പോഴുണ്ടാകുന്ന നിയന്ത്രിതമായ ആഘാതം സന്ധികൾക്ക് അമിതഭാരം നൽകാതെ അസ്ഥികൾക്ക് ആവശ്യമായ മെക്കാനിക്കൽ ലോഡ് നൽകുന്നു.ശരീരത്തിലെ ദ്രവങ്ങളുടെ സഞ്ചാരത്തിനും ഇത് സഹായകരമാണ്. പേശികളുടെ തുടർച്ചയായ ചുരുങ്ങലും ആഴത്തിലുള്ള ശ്വസനവും രക്തചംക്രമണത്തെയും ലിംഫാറ്റിക് ഡ്രെയിനേജിനെയും പിന്തുണയ്ക്കാം. അതുവഴി ശരീരത്തിലെ നീർവീക്കം കുറയാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.വ്യായാമത്തിനിടെ ചർമ്മത്തിലേക്കുള്ള രക്തയോട്ടം കൂടുന്നത് ഓക്സിജനും പോഷകങ്ങളും കൂടുതൽ ലഭിക്കാൻ സഹായിക്കും. പേശികളുടെ ചലനവും ആഴത്തിലുള്ള ശ്വസനവും ലിംഫാറ്റിക് സഞ്ചാരത്തെയും പിന്തുണയ്ക്കുന്നു. വ്യായാമത്തിന് ശേഷം മുഖത്ത് കാണുന്ന തിളക്കം താൽക്കാലികമായിരിക്കാം. എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ കാലക്രമേണ ചർമ്മത്തിന്റെ നിറത്തിലും ഗുണനിലവാരത്തിലും മാറ്റങ്ങൾ കാണാനാകുമെന്ന് വിദഗ്ധർ പറയുന്നു.
Cinema ⏭️




