LIFESTYLE
കേരളത്തിലെ ഒരു വീട്ടിൽ ഈ ദാരുണസംഭവം ആദ്യമായിരിക്കും: പക്ഷേ അവസാനത്തേത് അല്ല!

കഴിഞ്ഞയാഴ്ചയാണ് പത്രത്തിൽ ഞാനാ ദാരുണ സംഭവം വായിക്കുന്നത്. വീടിനോടനുബന്ധിച്ചു നിർമിച്ച ലിഫ്റ്റിനുള്ളിൽ തല അകപ്പെട്ടു വയോധികൻ മരണപ്പെട്ടു. അത്യപൂർവമായി വിദേശരാജ്യങ്ങളിൽ ലിഫ്റ്റ് സംബന്ധമായ അപകടങ്ങൾ നടക്കാറുണ്ടെങ്കിലും, കേരളത്തിലെ ഒരുവീട്ടിൽ ഇത് ആദ്യമായി ആയിരിക്കും.എന്നാൽ ഇന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു, വീടുകൾക്കുള്ളിലെ ലിഫ്റ്റുമായി ബന്ധപ്പെട്ട അവസാനത്തെ അപകടമല്ല അവിടെ സംഭവിച്ചത്. കാരണം വയോജനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ കേരളത്തിലെ വീടുകളിൽ ലിഫ്റ്റ് സംസ്കാരം ഏറി വരികയാണ്. ലിഫ്റ്റുകളുടെ എണ്ണം വർധിക്കും തോറും അത് സംബന്ധമായ അപകടങ്ങളും വർധിക്കും, സ്വാഭാവികം.സത്യത്തിൽ എന്താണീ ലിഫ്റ്റ് ..? ലിഫ്റ്റിന്റെ യഥാർഥ നാമം എലിവേറ്റർ എന്നാണ്, ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ ആളുകൾക്ക് ഒരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്ക് പോകാനും, വാണിജ്യ സ്ഥാപനങ്ങളിൽ ചരക്കുകൾ കയറ്റിയിറക്കാനും, കൺസ്ട്രക്ഷൻ സൈറ്റുകളിൽ നിർമാണ സാമഗ്രികൾ കൊണ്ടുപോകാനും, ആശുപത്രികളിൽ രോഗികളെ കൊണ്ടുപോകാനും, ഒക്കെ എലിവേറ്റർ എന്ന് വിളിക്കുന്ന ഈ ലിഫ്റ്റ് ഉപയോഗിക്കുന്നുണ്ട്, ഓരോ ആവശ്യങ്ങൾക്കും വിവിധ തരത്തിലുള്ള ലിഫ്റ്റുകൾ ഉപയോഗിക്കും എന്ന് മാത്രം.ഇതിനിടക്കാണ് കേരളത്തിലേക്ക് ‘ഹോം ലിഫ്റ്റുകളുടെ’ കടന്നുവരവ്. നിലവിൽ അത്യാവശ്യത്തിനു വേണ്ടിയും ആഡംബരത്തിനു വേണ്ടിയും ഈ ലിഫ്റ്റുകൾ കേരളത്തിലെ വീടുകളിൽ ഉപയോഗിക്കുന്നുണ്ട്, പല വീടുകളിലും ഈ പരിപാടി ഞാനും പ്ലാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധയോടെ, ക്ഷമയോടെ കേൾക്കണം.നാട്ടുകാരുടെ കണ്ണിൽ ഈ ലിഫ്റ്റ് മുകളിലോട്ടും താഴോട്ടും പോകാനുള്ള ഒരുപകരണം മാത്രമാണെങ്കിലും ഒരു സാങ്കേതിക വിദഗ്ധന്റെ കണ്ണിൽ ഇതൊരു ഇലക്ട്രോ – മെക്കാനിക്കൽ ഉപകരണമാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിന്റെയും, മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെയും ഒരു സംയുക്ത ഉൽപന്നം. അതോടൊപ്പം സുരക്ഷാ വിദഗ്ധരുടെ സമയ ബന്ധിതവുമായ മേൽനോട്ടം വേണ്ടുന്ന ഒരു സംവിധാനം.ആശുപത്രികൾ, ബഹുനില കെട്ടിടങ്ങളുടെ സൈറ്റുകൾ, വ്യാപാര സമുച്ഛയങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഇതിന്റെ സമയബന്ധിതമായ പരിശോധനകൾ നടത്താറുണ്ട്. പല സ്ഥലങ്ങളിലും സ്ഥിരം ലിഫ്റ്റ് ടെക്‌നീഷ്യന്മാർ ഉണ്ടാവാറുണ്ട്. അല്ലാത്തപക്ഷം സെക്യൂരിറ്റി ജീവനക്കാരിൽ പലർക്കും ലിഫ്റ്റ് സംബന്ധമായ പ്രാഥമിക അറിവുകൾ ഉണ്ടായിരിക്കും. മാത്രവുമല്ല ഇത്തരം സ്ഥലങ്ങൾ എല്ലാം തന്നെ സാമാന്യം ജനത്തിരക്കുള്ള ഇടങ്ങൾ ആയിരിക്കും.
Cinema ⏭️


