SPORTS

സെഞ്ചറിയുമായി ജ‍ഡേജയും റിങ്കു സിങ്ങും; ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ് വീഴ്ത്തി തിളങ്ങി രാജസ്ഥാൻ റോയൽസ് പേസർ


മുംബൈ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തിളങ്ങി സീനിയർ താരം രവീന്ദ്ര ജ‍ഡേജ. ഛത്തീസ്ഗഡിനെതിരായ മത്സരത്തിലാണ് സൗരാഷ്ട്രയ്ക്കു വേണ്ടി ഇറങ്ങിയ ജഡേജ സെഞ്ചറി നേടിയത്. 209 പന്തിൽ 102 റണ്‍സാണ് താരം നേടിയത്. ജഡേജയുടെ ഫസ്റ്റ് ക്ലാസ് കരിയറിലെ 16–ാം സെഞ്ചറിയാണിത്. ജ‍ഡേജയെ കൂടാതെ പ്രേരക് മങ്കാദും (150 പന്തിൽ 129) സൗരാഷ്ട്രയ്ക്കു വേണ്ടി സെഞ്ചറി നേടി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 205 റൺസ് കൂട്ടിച്ചേർത്തു. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര 392 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ്, രണ്ടാം ദിനം കളി നിർത്തുമ്പോൾ 3ന് 122 റൺസെന്ന നിലയിലാണ്. അതേസമയം, ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ഹാട്രിക്ക് ഉൾപ്പെടെ അ‍ഞ്ച് വിക്കറ്റ് വീഴ്ത്തി പേസർ മുംബൈ താരം തുഷാർ ദേഷ്പാണ്ഡെയും തിളങ്ങി. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ തുഷാറിന്റെ കിടിലൻ സ്പെല്ലിൽ ചണ്ഡീഗഡ് ആദ്യ ഇന്നിങ്സിൽ വെറും 78 റൺസിന് ഓൾഔട്ടായി. ഏഴ് ഓവറിൽ വെറും 17 റൺസ് വഴങ്ങിയാണ് തുഷാർ 5 വിക്കറ്റെടുത്തത്. ഫോളോ ഓൺ വഴങ്ങിയ ചണ്ഡീഗഡിന് രണ്ടാം ഇന്നിങ്സിൽ അക്കൗണ്ട് തുറക്കും മുൻപ് ആദ്യ വിക്കറ്റും നഷ്ടമായി. തുഷാർ തന്നെയാണ് ഈ വിക്കറ്റും വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ മുംബൈ, 429 റൺസെടുത്താണ് പുറത്തായത്.


Auto ⏭️

Back to top button