SPORTS

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി സെഞ്ചറി; ഗ്രൗണ്ടിൽ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് 23കാരൻ താരം


ന്യൂ‍ൽഹി ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ ഡൽഹിക്കെതിരെ സെഞ്ചറി നേടി ബംഗാൾ താരം അഭിഷേക് പോറൽ. ഓഗസ്റ്റിൽ പീഡനക്കേസിൽ അറസ്റ്റിലായ താരമാണ് അഭിഷേക് പോറൽ. വൈകാരിക പ്രകടനത്തോടെയാണ് താരം സെഞ്ചറി ആഘോഷിച്ചത്. സെഞ്ചറി തികച്ചതിനു പിന്നാലെ താരം ‌ഗ്രൗണ്ടിൽ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. ‘‘മറ്റൊരു ലോകത്ത്, മറ്റൊരു പ്രപഞ്ചത്തിൽ എങ്ങനെ അതിജീവിക്കണമെന്ന് ഞാൻ കണ്ടു. അവിടെനിന്ന് ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ഉൾക്കൊണ്ടു, അത് എന്നെ മാനസികമായി കൂടുതൽ കരുത്തനാക്കി. ഞാൻ അവിടെ ചെലവഴിച്ച ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ബാറ്റ് ചെയ്യുമ്പോൾ എന്നെ ഓർമിപ്പിച്ചു കൊണ്ടിരുന്നത് ഞാൻ വായ കൊണ്ടല്ല, മറിച്ച് എന്റെ ബാറ്റ് കൊണ്ടായിരിക്കും മറുപടി നൽകുക എന്നാണ്.’’– പോറൽ കൂട്ടിച്ചേർത്തു. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് 23 വയസ്സുകാരനായ അഭിഷേക് പോറൽ.∙ അഭിഷേകിന്റെ അറസ്റ്റ് യുവതിയുടെ പീഡനപരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് അഭിഷേക് പോറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിനി ജൂൺ 23നാണ് മൊഗ്ര പൊലീസ് സ്റ്റേഷനിൽ പോറലിനെതിരെ പരാതി നൽകിയത്. ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും എന്നാൽ പിന്നീട് പോറൽ ഈ ബന്ധം നിഷേധിച്ചതായും യുവതി ആരോപിച്ചു. ഇതിനെത്തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഒരു വർഷം മുൻപ് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് ഇടപെട്ടിരുന്നെങ്കിലും അന്ന് കേസെടുത്തിരുന്നില്ല.


Auto ⏭️

Back to top button