LIFESTYLE

നിങ്ങൾ ഓടിക്കുന്നതുപോലെയല്ല ബൈക്കും സ്കൂട്ടറും ഓടിക്കേണ്ടത്, ശ്രദ്ധിച്ചില്ലെങ്കിൽ ലൈസൻസ് പോകും


പ്രതീകാത്മക ചിത്രം

ആലപ്പുഴ: ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നതിനിടെ ആറുവരി ട്രാക്കുകൾ പൂർത്തിയായ ഇടങ്ങളിലുൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും ലൈൻ ട്രാഫിക് കർശനമാക്കാൻ പൊലീസ്. അമിത വേഗവും അശ്രദ്ധമായ ഓവർടേക്കിംഗും ഗതാഗത നിയമ ലംഘനങ്ങളും തടയാൻ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ആദ്യം ബോധവൽക്കരണവും പിന്നാലെ നിയമ നടപടികൾക്കുമാണ് നീക്കം. ഇതിന്റെ ഭാഗമായി ഹൈവേ പൊലീസ് സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ ലൈൻ ട്രാഫിക്കിനെപ്പറ്റി ബോധവൽക്കരണം ആരംഭിച്ചു.

മഞ്ഞ വരകളുള്ള ഇടങ്ങളിൽ ഓവർടേക്കിംഗ് പാടില്ല. ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലൈൻ മാറാൻ പാടില്ല. ട്രാഫിക് സൈൻ ബോർഡുകളിലെ അടയാളങ്ങൾ കൃത്യമായി പാലിക്കണം.

ആറു ട്രാക്കുകളുള്ള ദേശീയ പാതയിൽ ഇരുചക്ര വാഹനയാത്രക്കാർ റോഡിന്റെ വലതുവശം മീഡിയനോട് ചേർന്ന് വാഹനം ഓടിക്കുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നുവെന്ന ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് നിരീക്ഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മീഡിയനോട് ചേർന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇത്തരത്തിൽ ചെയ്യുന്നത്.

ആദ്യം ബോധവത്കരണം

ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും കാരണം.

ബോധവൽക്കരണത്തിനുശേഷവും നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനുമാണ് തീരുമാനം.

തുടർച്ചയായി നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കലുൾപ്പെടെ കടുത്ത നടപടികൾ കൈക്കൊളളും.


ലൈൻ മാറുമ്പോൾ എന്താണ് ചെയ്യേണ്ടത്?


സാവധാനം പോകുന്ന വാഹനങ്ങളും ഭാരവാഹനങ്ങളും എപ്പോഴും ഏറ്റവും ഇടതുവശത്തുള്ള ലൈൻ ഉപയോഗിക്കണം.

സാധാരണ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് മധ്യഭാഗത്തെ ലൈൻ ഉപയോഗിക്കാം.


ലൈൻ മാറുന്നതിന് മുമ്പും പിമ്പും കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിക്കണം.

റിയർ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നിൽ നിന്നു വാഹനങ്ങൾ ശ്രദ്ധിച്ചശേഷമാകണം ലൈൻ മാറ്റം.

നിയമലംഘനങ്ങൾ അധികൃതരെ അറിയിക്കാനാവുമോ?

ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശുഭയാത്ര വാട്‌സ് ആപ്പ് നമ്പരിലേക്ക് (9747001099) ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ അറിയിക്കാം.

English Summary

Police will strictly enforce lane traffic rules on newly completed six-lane national highway sections in Alappuzha to curb accidents and traffic violations. This initiative, in collaboration with the Motor Vehicle Department, targets overspeeding, careless overtaking, and improper lane usage, particularly by two-wheelers. Initial awareness campaigns will be followed by legal action, including fines and potential license cancellations, to enhance road safety.
RELATED TOPICS: LINE TRAFFIC ENFORCEMENT, POLICE TRAFFIC RULES, ACCIDENT PREVENTION, TRAFFIC VIOLATIONS KERALA, POLICE TRAFFIC ENFORCEMENT


News ⏭️

Back to top button