LIFESTYLE
ഒന്നിൽ നിന്ന് 99 പ്രോപ്പർട്ടികളിലേക്ക്; 100 ഏക്കർ ഫാംഹൗസിനുള്ളിൽ കടുക് പാടവും ഹെലിപാഡും: ഗായകന്റെ ജീവിതം മാറ്റിമറിച്ചത് ആ പ്രവചനം

പോപ്പ് സംഗീത ലോകത്ത് തന്റേതായ സുവർണ സാമ്രാജ്യം പടുത്തുയർത്തിയ ജനപ്രിയ ഗായകൻ മികാ സിങ്ങിന്റെ ജീവിതം ഏതൊരു സിനിമാക്കഥയെക്കാളും നാടകീയവും പ്രചോദനാത്മകവുമാണ്. ഒരുകാലത്ത് അഞ്ച് സഹോദരങ്ങൾക്കൊപ്പം ഡൽഹിയിലെ തിലക് വിഹാറിലുള്ള ഒരു ചെറിയ 1 ബിഎച്ച്കെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന താരം, ഇന്ന് 99 ആഡംബര പ്രോപ്പർട്ടികളുടെയും ഡൽഹിയിലെ 100 ഏക്കർ വിശാലമായ എസ്റ്റേറ്റിന്റെയും ഉടമയാണ്.100 ഏക്കർ ഫാംഹൗസ് ഡൽഹിയിൽ താജ് വിവന്തഹോട്ടലിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മികായുടെ 100 ഏക്കർ ഫാംഹൗസിലേക്കുള്ള യാത്ര തന്നെ വേറിട്ടൊരു അനുഭവമാണ്. മുംബൈയിൽ നിന്ന് വിമാനമാർഗം എത്തി, തുടർന്ന് കാർ യാത്രയും, അതിനുശേഷം ബോട്ടും, ഭാഗ്യമുണ്ടെങ്കിൽ കുതിരസവാരിയും നടത്തി ഈ വിശാലമായ എസ്റ്റേറ്റിലെത്താം.‘എന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കളുടെ കൈവശം മേബാക്കും റോൾസ് റോയ്സും പോലുള്ള വിലകൂടിയ ആഡംബര കാറുകളുണ്ട്. എന്നാൽ അവരിൽ ആരുടെയും കൈവശം കുതിരകളോ ബോട്ടുകളോ ഇല്ല. അവരെ ഈ ലളിതമായ ബോട്ടിൽ ഇരുത്തി യാത്ര ചെയ്യിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു’, എന്ന് മികാ തന്റെ ഈ അപൂർവ യാത്രാരീതിയെക്കുറിച്ച് തമാശയോടെയും അഭിമാനത്തോടെയും വ്യക്തമാക്കുന്നു.ആ പ്രവചനം സത്യമായി എന്നാൽ, ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ വമ്പൻ എസ്റ്റേറ്റ് ഒറ്റദിവസം കൊണ്ട് രൂപപ്പെട്ടതല്ല. വർഷങ്ങൾക്ക് മുൻപ് കേവലം ഒരു കാടുപോലെ വിജനമായിക്കിടന്ന രണ്ടു ഏക്കർ ഭൂമിയിലാണ് ഇതിന്റെ തുടക്കം. കാട്ടിനുള്ളിൽ ടെന്റ് കെട്ടി താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനുമായിരുന്നു മികാ ആദ്യം ആ സ്ഥലം വാങ്ങിയത്. എന്നാൽ, ഈ പ്രദേശം ഭാവിയിൽ വൻ രീതിയിൽ വികസിക്കുമെന്ന് തനിക്ക് പരിചയമുള്ള ഒരാൾ പ്രവചിക്കുകയും കൂടുതൽ ഭൂമി വാങ്ങാൻ പ്രചോദനം നൽകുകയും ചെയ്തു. ആ വാക്ക് വിശ്വസിച്ച് മികാ ഘട്ടംഘട്ടമായി സ്ഥലത്തിന്റെ വിസ്തൃതി കൂട്ടി. ഇന്ന് ആ ഫാംഹൗസിന് ചുറ്റും ആഡംബര ഹോട്ടലുകളും വൻകിട സ്ഥാപനങ്ങളും ഉയർന്നുവന്ന് അത് നഗരത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കേന്ദ്രമായി മാറിക്കഴിഞ്ഞു.കടുക് പാടവും ഹെലിപാഡും ചലച്ചിത്ര പ്രവർത്തകയും നൃത്തസംവിധായികയുമായ ഫറാ ഖാനുൾപ്പെടെയുള്ള പ്രമുഖർ സന്ദർശിച്ച ഈ ഫാംഹൗസിനുള്ളിൽ ആഡംബരവും ഗ്രാമീണതയും ഒരുപോലെ സമ്മേളിക്കുന്നു. കുതിരകൾ, ഒട്ടകം, ട്രാക്ടറുകൾ, വിസ്തൃതമായ കടുക് പാടങ്ങൾ, സ്വന്തമായി ഒരു ഹെലിപാഡ് എന്നിവയെല്ലാം ഈ വലിയ എസ്റ്റേറ്റിലുണ്ട്.പരിപാലനത്തിന് 200–ലധികം ജീവനക്കാര് അത്യാധുനിക സൗകര്യങ്ങളുള്ള സ്വകാര്യ സംഗീത സ്റ്റുഡിയോയ്ക്ക് പുറമേ, പരമ്പരാഗത രീതിയിലുള്ള ‘ഖാറ്റുകൾ’ (കട്ടിലുകൾ) സജ്ജീകരിച്ച ധാബ മാതൃകയിലുള്ള കഫേയും ഇവിടെയൊരുക്കിയിരിക്കുന്നു. പ്രാർഥനയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന മികാ, ഫാംഹൗസിൽ ക്ഷേത്രവും ഗുരുദ്വാരയും നിർമിച്ചിട്ടുണ്ട്. ഇവിടത്തെ ഗുരുദ്വാരയിൽ എല്ലാ സമയത്തും പ്രാർഥനകൾ തടസ്സമില്ലാതെ നടക്കുന്നു. 200–ലധികം ജീവനക്കാരാണ് ഈ എസ്റ്റേറ്റിന്റെ പരിപാലനത്തിനായി ഉള്ളത്, അതിൽ 50-ഓളം പേർ അവിടെ സ്ഥിരമായി താമസിക്കുന്നു.
Cinema ⏭️




