AUTO

ബ്രിട്ടനിൽ സൂപ്പർസ്റ്റാർ, അടുത്തത് ഇന്ത്യ; എസ്‍യുവി വിപണി കീഴടക്കാൻ ജെഎസ്‍ഡബ്ല്യു കൂട്ടു പിടിച്ച് ജെയ്കൂ 7


ബ്രിട്ടന്‍ കീഴടക്കിയ ചൈനീസ് കാര്‍ ഇന്ത്യയും കീഴടക്കാനെത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വപ്‌നം പോലും കാണാന്‍ സാധ്യതയില്ലാത്ത നേട്ടങ്ങളാണ് യൂറോപില്‍ ചൈനീസ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. സെപ്തംബറില്‍ 10,913 റജിസ്‌ട്രേഷനുകളുമായി ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി ജെയ്കൂ 7 മാറിയതാണ് ഇതില്‍ പ്രധാനം. ടെസ്‌ല മോഡല്‍ 3, ഫോര്‍ഡ് പ്യൂമ, കിയ സ്‌പോര്‍ട്ടേജ്, ടെസ്‌ല മോഡല്‍ വൈ എന്നീ ജനപ്രിയ മോഡലുകളെ പിന്നിലാക്കിയാണ് ജെയ്കൂവിന്റെ നേട്ടമെന്നതും ശ്രദ്ധേയം.  ‘ബ്രിട്ടിഷ് അധിനിവേശ’ത്തിനു ശേഷം ജെയ്കൂ 7 ഇനി ഇന്ത്യയെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ റോഡുകളില്‍ ജെയ്കൂ 7 പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കാന്‍ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് വിലയിരുത്തുന്ന ചെറി ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളില്‍ പ്രധാനിയായിരിക്കും ജെയ്കൂ 7 പ്ലഗ് ഇന്‍ ഹൈബ്രിഡ്.ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറി ഗ്രൂപ്പിനു കീഴിലുള്ള ആഡംബര കാര്‍ വിഭാഗമാണ് ജെയ്കൂ. ചില രാജ്യങ്ങളില്‍ ജെ7 എന്നും ജെയ്കൂ 7 അറിയപ്പെടുന്നുണ്ട്. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാവുന്ന മിഡ് സൈസ് എസ് യുവിയാണിത്. ബോക്‌സി ഡിസൈനും കരുത്തുറ്റ ലുക്കുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. വലിപ്പത്തില്‍ ടാറ്റ, ഹാരിയര്‍, ജീപ്പ് കോംപസ് എന്നിവയോട് ചേര്‍ന്നു നില്‍ക്കുന്ന മോഡലാണിത്.ലാന്‍ഡ് റോവര്‍ മോഡലുകളെ ഓര്‍മിപ്പിക്കുന്ന എക്‌സറ്റീരിയര്‍ ഡിസൈനും ആധുനിക ഫീച്ചറുകളുമാണ് പ്രധാന സവിശേഷത. കാബിനില്‍ വലിയ വെര്‍ട്ടിക്കല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ചെറി എത്തുക. ആദ്യ ഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ നിരത്തുകളിലേക്കെത്താന്‍ സാധ്യതയുള്ള മോഡലാണ് ജെയ്കൂ 7.യുകെ പതിപ്പില്‍ 1.6 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോ്‌സുമാണുള്ളത്. എന്നാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ അനുയോജ്യമായത് ജെയ്കൂ ജെ 7 എസ്എച്ച്എസ് പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പാണ്. വിവിധ രാജ്യാന്തര വിപണികളില്‍ ഈ മോഡലിന് 18.3-18.5 കിലോവാട്ട് ബാറ്ററി പാക്കും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു ംഇലക്ട്രിക്ക് മോട്ടാറും ചേരുന്ന ഹൈബ്രിഡ് സംവിധാനമാണുള്ളത്.


Sports ⏭️

Back to top button