LIFESTYLE
ഈ ശൂന്യത ആരും കാണില്ല; വലിയ സാമ്പത്തികബാധ്യത ഏറ്റെടുത്ത് ജീവിതം ദുരിതമയമാക്കല്ലേ: അനുഭവം പങ്കുവച്ച് യുവതി

മുംബൈ നഗരത്തിലെ ഒരു ആഡംബര റസിഡൻഷ്യൽ സൊസൈറ്റി. തിങ്കളാഴ്ച രാത്രിയിലെ ശാന്തമായ അന്തരീക്ഷത്തിൽ, ആകാശത്തോളം ഉയർന്നുനിൽക്കുന്ന കെട്ടിട സമുച്ചയങ്ങളിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നത് വിജനത മാത്രമാണ്. കോടികൾ വിലമതിക്കുന്ന, ലക്ഷങ്ങൾ വാടക നൽകുന്ന ആഡംബര ഫ്ലാറ്റുകളിലെ താമസക്കാരെല്ലാം എവിടെപ്പോയി?.. കഠിനാധ്വാനം ചെയ്ത് സ്വപ്നവീടുകൾ കെട്ടിയുയർത്തുന്ന മനുഷ്യർക്ക് ആ വീടുകളും അതിലെ അത്യാധുനിക സൗകര്യങ്ങളും ശരിക്കും ആസ്വദിക്കാൻ സമയം ലഭിക്കുന്നുണ്ടോ? ഇത്തരമൊരു ഗൗരവമേറിയ ചിന്ത പങ്കുവച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഉപയോക്താവായ രുചി ദുബെ.മനോഹരമായ കാഴ്ചകൾക്ക് പിന്നിലെ ശൂന്യത ഉയർന്ന കെട്ടിട സമുച്ചയങ്ങളുള്ള തന്റെ സൊസൈറ്റിയുടെ വിജനമായ പൊതുസ്ഥലങ്ങൾ കാണിച്ചുകൊണ്ടാണ് രുചി ദുബെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പൂന്തോട്ടങ്ങൾ ശൂന്യമാണ്, നടപ്പാതകളിൽ ആളുകളില്ല, കെട്ടിടങ്ങളിലെ ലൈറ്റുകൾ ഭൂരിഭാഗവും അണക്കപ്പെട്ടിരിക്കുന്നു, പാർക്കിങ് ഏരിയയിൽ പോലും ഒരാളെയും കാണാനില്ല.‘ഇതൊരു വലിയ സൊസൈറ്റിയാണ്. ഇവിടെ ഒരു ഫ്ലാറ്റ് സ്വന്തമാക്കണമെങ്കിൽ കോടികൾ വേണം, വാടക നൽകണമെങ്കിൽപ്പോലും ലക്ഷങ്ങൾ വേണം. എന്നാൽ ഇന്ന് തിങ്കളാഴ്ച രാത്രിയാണ്; ഇവിടെ ആരുമില്ല. പൂന്തോട്ടം ശൂന്യമാണ്, ലൈറ്റുകളെല്ലാം അണച്ചിരിക്കുന്നു. നാളെ ചൊവ്വാഴ്ചയാണ്, അതിരാവിലെ ജോലിക്ക് പോകേണ്ടതുകൊണ്ട് എല്ലാവരും ഉറങ്ങാൻ പോയിരിക്കുന്നു’, രുചി വിഡിയോയിൽ വ്യക്തമാക്കുന്നു. അമിതമായ സാമ്പത്തിക ഭാരം ചുമന്ന് വലിയ വീടുകൾ വാങ്ങുന്നവ പലർക്കും അത് അനുഭവിക്കാൻ സമയം ലഭിക്കുന്നില്ലെന്ന കയ്പേറിയ യാഥാർഥ്യമാണ് രുചി പങ്കുവയ്ക്കുന്നത്.‘ഭവന വായ്പ’ എന്ന യാഥാർഥ്യം വിലകൂടിയ വീട് സ്വന്തമാക്കാനും അതിന്റെ വായ്പ തിരിച്ചടയ്ക്കാനുമായി ആയുഷ്കാലം മുഴുവൻ ജോലി ചെയ്യുന്ന പ്രവണതയെക്കുറിച്ച് രുചി ദുബെ എടുത്തുപറയുന്നു. വലിയ സാമ്പത്തിക പ്രതിബദ്ധതകൾ ഏറ്റെടുക്കുമ്പോൾ മനുഷ്യന്റെ സ്വാതന്ത്ര്യവും ആസ്വാദന ശേഷിയും എങ്ങനെ നഷ്ടപ്പെടുന്നുവെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.‘ഈ വീട് വാങ്ങിയ വ്യക്തിക്ക് ഇവിടത്തെ സൗകര്യങ്ങൾ ആസ്വദിക്കാൻ പോലും സമയമില്ല. അവർ എപ്പോഴും ജോലിത്തിരക്കുകളിലാണ്. ഈ ശാന്തമായ രാത്രിയും കാഴ്ചകളും നടക്കാനുള്ള അവസരവുമൊക്കെ ആസ്വദിക്കാൻ ആർക്കാണ് കഴിയുക? യാതൊരുവിധ ബാധ്യതകളോ വായ്പാ ഭാരങ്ങളോ ഇല്ലാത്തവർക്ക് മാത്രം’, അവർ ഓർമിപ്പിക്കുന്നു.യുവതലമുറയ്ക്കുള്ള സന്ദേശം ‘യുവതലമുറയ്ക്കുള്ള ഉപദേശം’ എന്ന അടിക്കുറിപ്പോടെയാണ് രുചി ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ, പ്രത്യേകിച്ച് ചെറുപ്പകാലത്ത് വലിയ ഭവന വായ്പകൾ എടുക്കുമ്പോൾ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായി ചിന്തിക്കണമെന്ന് അവർ താക്കീത് നൽകുന്നു.
Cinema ⏭️




