SPORTS

സ‍ഞ്ജുവിന് അടുത്ത ഭീഷണി? വിക്കറ്റ് കീപ്പറായി ഇറങ്ങി ഓപ്പണിങ് താരം; ഇന്ത്യൻ ടീം സമവാക്യങ്ങൾ മാറും?


മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദീർഘകാലം നിലനിൽക്കണമെങ്കിൽ ഒന്നിലധികം മേഖലകളിൽ തിളങ്ങാനുള്ള കഴിവ് അത്യാവശ്യമായി മാറിയിരിക്കുന്നെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ–ബാറ്റർ നയൻ മോംഗിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ട്വന്റി20 ക്രിക്കറ്റിന്റെ വളർച്ച താരങ്ങളുടെ മനോഭാവം തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.നയൻ മോംഗിയ പറഞ്ഞകാര്യം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന ‘കാഴ്ച’യാണ് മുംബൈയിൽനിന്നു വരുന്നത്. ബാറ്റിങ്ങിനും ലെഗ് സ്പിന്നിനും ഒപ്പം ബാക്-അപ് സ്കിൽ എന്ന നിലയിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ വിക്കറ്റ് കീപ്പിങ്ങിലും പരിശീലനം നടത്തുന്നുണ്ടെന്ന് മുംബൈ ക്യാപ്റ്റൻ സിദ്ധേഷ് ലാഡ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. 2026-27 രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി, ജയ്‌സ്വാൾ വിക്കറ്റിനു പിന്നിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ചണ്ഡീഗഢിനെതിരെയുള്ള മുംബൈയുടെ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിൽ ജയ്‌സ്വാൾ കളിക്കും. എന്നാൽ, ദേശീയ ടീമിനായുള്ള മത്സരങ്ങൾ ഉള്ളതിനാൽ രണ്ടാം മത്സരം മുതൽ താരം കളിക്കില്ല.ഇന്ത്യൻ ടീമിന്റെ നെറ്റ്സിൽ ലെഗ് സ്പിൻ പരിശീലിക്കുകയും ഒന്നോ രണ്ടോ മത്സരങ്ങളിൽ പന്തെറിയുകയും ചെയ്തിട്ടുള്ള 24 വയസ്സുകാരനായ ജയ്‌സ്വാൾ, തന്റെ കളിയിൽ കൂടുതൽ വൈവിധ്യങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സിദ്ധേഷ് ലാഡ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘‘തന്റെ കളിയിൽ മറ്റെന്തെങ്കിലും കൂടി കൂട്ടിച്ചേർക്കണമെന്ന് തോന്നിയതിനാലാണ് അവൻ വിക്കറ്റ് കീപ്പിങ് പരിശീലിക്കാൻ തുടങ്ങിയത്. അവന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ നിലവിൽ അവൻ വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നുണ്ട്, ഇത് തുടരുകയാണെങ്കിൽ അവൻ അതുമായി പൊരുത്തപ്പെടും.’’– ലാഡ് പറഞ്ഞു.


Auto ⏭️

Back to top button