NEWS

അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്ന ‘കാര്യങ്ങൾ’ തെളിയിക്കാൻ വഴിയില്ലാതെ പൊലീസ്; ഒരൊറ്റ കോളിൽ മസാജിനപ്പുറം ‘സേവനം’, കുഴയ്ക്കാൻ മറ്റൊരു മൊഴിയും..


കണ്ണൂർ ∙ ജില്ലയിൽ ഇരുനൂറ്റിയൻപതിലേറെ അനധികൃത സ്പാ മസാജിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വിവരം. ഗോവ ഉൾപ്പെടെ വിനോദസഞ്ചാര സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരു, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിലും മാത്രം കണ്ടിരുന്ന പ്രത്യേക ഇനം സ്പാ, മസാജ് സെന്ററുകളാണ് ഇത്.  ഒരൊറ്റ കോളിൽ ‘സേവനം’  നഗരത്തിനകത്തും പുറത്തും എല്ലാ വൈദ്യുത പോസ്റ്റിലും ചുമരിലും നാലാൾ കൂടുന്ന ഇടത്തും സ്പാ, മസാജ് സെന്ററിന്റെ പരസ്യം കാണാം. സ്ഥാപനത്തിന്റെ പേരോ വിലാസമോ ഇല്ല. ഫോൺ നമ്പർ മാത്രം. സമൂഹമാധ്യമങ്ങളിലും പ്രചാരണമുണ്ട്. ഈ നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ കൂണുപോലെ സ്പാ സെന്ററുകൾ മുക്കിലും മൂലയിലും ഉയരാൻ തുടങ്ങി. വാടക വീടുകൾ കേന്ദ്രീകരിച്ചും മറ്റും മസാജ് സെന്ററുകളുണ്ട്. ഇവയ്ക്ക് പേരോ ലൈസൻസോ ഇല്ല. തെറപ്പിസ്റ്റുകളായി നിർത്തിയ വനിതകളെ കണ്ട് തിരഞ്ഞെടുക്കുന്ന രീതിയാണ് പലയിടത്തും. മസാജിനപ്പുറത്തെ സർവീസും ഉണ്ട്.നിയമം ഇങ്ങനെ  സ്പാ സെന്റർ നടത്താൻ തദ്ദേശ സ്ഥാപനങ്ങളാണ് വെൽനെസ് സെന്റർ എന്ന നിലയിൽ ലൈസൻസ് നൽകേണ്ടത്. ഇതിന് ഒട്ടേറെ നിബന്ധനകളുണ്ട്. തെറപ്പിസ്റ്റ് നിശ്ചിത യോഗ്യത നേടിയ ആളായിരിക്കണം എന്നതാണ് പ്രധാനം. പകർച്ചവ്യാധി ഇല്ലെന്നുൾപ്പെടെ ആരോഗ്യ സർട്ടിഫിക്കറ്റ് വേണം. ആയുഷ് വകുപ്പ് അംഗീകരിച്ച കോഴ്സുകൾ പാസായവർക്ക് മാത്രമേ സ്പാ, മസാജ് കേന്ദ്രങ്ങളിൽ ലൈസൻസ് നൽകൂ. മസാജ് കേന്ദ്രങ്ങളിലെ ചികിത്സാരീതി ആയുർവേദ രീതി പ്രകാരമാണ്. ലൈസൻസ് നേടാനുള്ള കോഴ്സുകൾ ഉള്ളതും ആയുഷ് വകുപ്പിന് കീഴിലാണ്. ഇതിനാലാണ് ആയുഷുമായി ചേർന്നു തദ്ദേശ ഭരണസ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്. ഈ കോഴ്സുകൾ പാസായവർക്കു മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ. വാണിജ്യ കെട്ടിടത്തിലായിരിക്കണം സെന്റർ ആരംഭിക്കേണ്ടത്. മാലിന്യ നിർമാർജനത്തിനും സംവിധാനം ഉണ്ടാകണം.


Fashion ⏭️

Back to top button