NEWS
വെള്ളിയാഴ്ചയും മഴയത്ത് ടോർച്ചുമായി മുത്തശ്ശി കാത്തിരുന്നു; ബസ് കടന്നുപോയിട്ടും അവൾ വരാത്തപ്പോൾ അയൽപക്കത്തെ വീട്ടിലേക്ക് ഓടി

കോട്ടയം ∙ ഇഞ്ചേരിക്കുന്നിന്റെ നെറുകയിൽനിന്നു സന്ധ്യ കഴിയുമ്പോൾ റോഡുവഴിയിലേക്കു നീളുന്ന ടോർച്ചിന്റെ വെളിച്ചം ഇനി ഉണ്ടാവില്ല. ജോലി കഴിഞ്ഞ് മടങ്ങിവരുന്ന കൊച്ചുമകളെ വഴിയിൽ വെട്ടം കാണിക്കാൻ കാത്തിരിക്കുന്ന മുത്തശ്ശി ഇഞ്ചേരിക്കുന്നിന്റെ വാത്സല്യനിറവായിരുന്നു. എല്ലാവർക്കും ആ കാത്തിരിപ്പിനെക്കുറിച്ച് അറിയാം. ബസിന്റെ അമിതവേഗത്തിൽ ജീവൻ പൊലിഞ്ഞ കൊച്ചുമകൾ അഞ്ജലിയും മുത്തശ്ശി സരസമ്മയും തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് ആഴമുള്ളതായിരുന്നു. എരിഞ്ഞടങ്ങിയ ചിതയ്ക്കു സമീപം ഒറ്റമുറി വീട്ടിൽ മുത്തശ്ശിയുടെ താരാട്ട് കേട്ടു വളർന്ന കൊച്ചുമകളുടെ ഓർമകൾ മാത്രമാകും കൂട്ട്.കുന്നിൻ നെറുകയിൽനിന്ന് മുത്തശ്ശി വെട്ടം എല്ലാ ദിവസവും അഞ്ജലി ജോലി കഴിഞ്ഞ് വരുന്നത് ഏഴേകാലിന്റെ ബസിനാണ്. നട്ടാശേരി റോഡിൽ അപ്പോഴേക്കും ഇരുട്ടായിരിക്കും. സൂര്യകാലടി മനയും കഴിഞ്ഞ് വായനശാല ജംക്‌ഷൻ കടന്നു ഗാന്ധിഗ്രാം കെട്ടിടത്തിനു മുന്നിലെ സ്റ്റോപ്പിലാണ് അഞ്ജലി ഇറങ്ങുന്നത്. അവിടെനിന്നു കുത്തനെയുള്ള കയറ്റം കയറി വേണം വീട്ടിലെത്താൻ. വഴിവിളക്ക് ഇല്ല. വീടുവിട്ടിറങ്ങി കുന്നിന്റെ നെറുകയിൽ മുത്തശ്ശി ടോർച്ചുമായി നിൽക്കും. ടോർച്ചിന്റെ വെളിച്ചത്തിലാണ് അഞ്ജലിയുടെ വരവ്.ഗാന്ധിനഗർ പൊലീസ് കൈത്താങ്ങായി പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജലിയെ കോട്ടയത്ത് മഹാരാജാസ് പ്രൈവറ്റ് കോളജിൽ പ്ലസ് ടുവിനു കൊണ്ടു ചേർത്തത് മുത്തശ്ശിയാണ്. വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടയിലും മിടുക്കിയായ അഞ്ജലിയുടെ പഠനം മുടങ്ങാതിരിക്കാൻ കോളജിൽ ഫീസ് സൗജന്യമാക്കിയിരുന്നുവെന്ന് അഡ്മിനിസ്ട്രേറ്റീവ് പ്രിൻസിപ്പൽ സുനിത ബാബുരാജ് പറഞ്ഞു. കോളജിൽ സംഘനൃത്തത്തിലും സംഘഗാനത്തിലും മറ്റും കൂടിയിരുന്നു.
Fashion ⏭️




