BUSINESS

മുള്ളേരിയയിൽ കെഎസ്ഇബി ബിഇഎസ്എസ് പദ്ധതി: വൈദ്യുതി ബില്ലിലെ സർചാർജ് കുറയും, സോളാർ ഇൻവെർട്ടർ തടസ്സങ്ങൾ ഒഴിയും

കാസർകോട് ജില്ലയിലെ മുള്ളേരിയയിൽ കേരളത്തിന്റെ ആദ്യ ഗ്രിഡ് സ്‌കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) കെഎസ്ഇബി വിജയകരമായി പൂർത്തീകരിച്ചു. പകൽ സമയങ്ങളിൽ സൗരോർജ്ജം വഴി അധികമായി ലഭിക്കുന്ന വൈദ്യുതി കൂറ്റൻ ബാറ്ററികളിൽ സംഭരിക്കുകയും, ആവശ്യമായ സമയങ്ങളിൽ, പ്രത്യേകിച്ച് രാത്രിയിൽ വിതരണം ചെയ്യുകയും ചെയ്യുന്ന അത്യാധുനിക സാങ്കേതികവിദ്യയാണിത്. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിനൊപ്പം, പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വലിയൊരു ആശ്വാസവുമാണ് ഈ നേട്ടം.

എന്താണ് ബെസ് (BESS) പദ്ധതി?
ലളിതമായി പറഞ്ഞാൽ, ഇതൊരു ഭീമൻ പവർ ബാങ്ക് ആണ്. വൻതോതിൽ വൈദ്യുതി കരുതിവെക്കാൻ ഇതിന് ശേഷിയുണ്ട്. പകൽ വെളിച്ചത്തിലോ അല്ലെങ്കിൽ വൈദ്യുതി ഉപയോഗം കുറവുള്ള സമയങ്ങളിലോ ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക ഊർജ്ജം ഈ ബാറ്ററികളിൽ ശേഖരിക്കാം. സന്ധ്യയാകുന്നതോടെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ആവശ്യം വർധിക്കുമ്പോൾ, ബാറ്ററിയിൽ സൂക്ഷിച്ചിരിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നേരിട്ട് എത്തിക്കാൻ സാധിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഗ്രീഡ് സ്‌കെയിൽ ബെസ് പ്ലാന്റാണ് മുള്ളേരിയയിൽ പ്രവർത്തനം തുടങ്ങിയത്. ഇവിടെ നിന്നും 15 മെഗാവാട്ട് വൈദ്യുതി നാല് മണിക്കൂർ നേരം തുടർച്ചയായോ അല്ലാതെയോ ഗ്രിഡിലേക്ക് നൽകാൻ സാധിക്കും.

ഊർജ്ജരംഗത്തെ വമ്പൻ പദ്ധതി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ (NHPC) സാങ്കേതിക പിന്തുണയോടെ ഒപെറ എനർജി (Opera Energy) എന്ന കമ്പനിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കേന്ദ്ര സർക്കാർ വിവിധ പൊതുമേഖലാ കമ്പനികൾക്കായി അനുവദിച്ച 5,000 മെഗാവാട്ട് അവർ ബാറ്ററി സ്റ്റോറേജ് പദ്ധതികളിൽ രാജ്യത്ത് ആദ്യമായി കമ്മീഷൻ ചെയ്യപ്പെട്ടത് ഈ കേരളാ പ്രോജക്റ്റാണ്.

കേരളത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് കരുത്ത്
കേന്ദ്രത്തിന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതികൾക്ക് കേരളത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ, സൗരോർജ്ജത്തിന്റെ പൂർണ്ണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ചില തടസ്സങ്ങളുണ്ടായിരുന്നു. പുരപ്പുറ സോളാർ ഉൽപ്പാദനത്തിൽ രാജ്യത്ത് തന്നെ മുൻപന്തിയിലാണെങ്കിലും, പകൽ സമയത്ത് സുലഭമായ വൈദ്യുതി, സന്ധ്യാസമയത്തെ ഉയർന്ന ആവശ്യകതയുമായി പൊരുത്തപ്പെടുത്താൻ കഴിയാത്തത് വലിയ വെല്ലുവിളിയായിരുന്നു. ഈ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമാണ് ബെസ് പദ്ധതി.

വൈദ്യുതി വാങ്ങലിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാം
നിലവിൽ രാത്രിയിലെ വൈദ്യുതി ആവശ്യങ്ങൾക്കായി പുറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഈ ഭീമമായ സാമ്പത്തിക ബാധ്യതയിൽ നിന്നും മോചനം നേടാൻ ബെസ് സഹായകമാകും. പാഴായിപ്പോകുന്ന പകൽ സമയത്തെ സോളാർ ഊർജ്ജം രാത്രിയിലേക്ക് മാറ്റാൻ കഴിയുന്നതോടെ, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഹരിത ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സാധിക്കും.

ഭാവിയിലേക്കുള്ള ചുവടുവെപ്പ്
ദേശീയതലത്തിൽ തന്നെ വൈദ്യുതി ലഭ്യതയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ, ബാറ്ററി സ്റ്റോറേജ് പദ്ധതികൾ വ്യാപകമാക്കുക എന്നതാണ് ഭാവിയിലേക്കുള്ള പോംവഴി. മുള്ളേരിയയിലെ തുടക്കം വലിയൊരു മാറ്റത്തിന്റെ ഭാഗമാണ്. കാസർകോട് മൈലാട്ടിയിൽ 125 MW / 500 MWh ശേഷിയുള്ള വലിയ ബെസ് പദ്ധതിയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിനുപുറമെ ശ്രീകണ്ഠപുരം, പോത്തൻകോട്, അരീക്കോട് എന്നിവിടങ്ങളിലും ഇത്തരം പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു.

സോളാർ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ
പകൽ സമയത്ത് ഗ്രിഡിലേക്ക് അധിക വൈദ്യുതി നൽകാൻ കഴിയാത്ത പരിമിതി സോളാർ ഉപഭോക്താക്കൾ നേരിട്ടിരുന്നു. ബെസ് വരുന്നതോടെ ഈ അധിക വൈദ്യുതി ബാറ്ററികളിൽ ശേഖരിക്കപ്പെടും. കൂടാതെ, പകൽ സമയം ഗ്രിഡിലേക്ക് കൂടുതൽ വൈദ്യുതി എത്തുമ്പോൾ വോൾട്ടേജ് കൂടി സോളാർ ഇൻവെർട്ടറുകൾ ട്രിപ്പ് ആകുന്ന പ്രശ്നം ഇനി ഉണ്ടാവില്ല. ഗ്രിഡ് സുസ്ഥിരമാകുന്നതോടെ സോളാർ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പാക്കാനാകും. കെഎസ്ഇബിയുടെ സാമ്പത്തിക ബാധ്യത കുറയുന്നത് ഉപഭോക്താക്കൾക്ക് അനുകൂലമായ നിരക്കുകൾ നിലനിർത്താനും ബില്ലുകളിലെ സർചാർജ് ഒഴിവാക്കാനും സഹായിക്കും.

Read News

Back to top button